മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ നേത്രരോഗ ചികിത്സാ കേന്ദ്രമായ Doctor Eye Instituteയും പ്രശസ്ത ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യ വൈദ്യ ശാലയും സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
ഫെബ്രുവരി 22-ന് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ജനറൽ ആയുർവേദ കൺസൾട്ടേഷനും സമഗ്ര നേത്രപരിശോധനയും നടത്തി.

12 നേത്രരോഗ വിദഗ്ധരും അഞ്ച് ആയുർവേദ ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ആവശ്യമായ ആരോഗ്യ നിർദേശങ്ങളും തുടർചികിത്സാ മാർഗനിർദേശങ്ങളും പങ്കെടുത്തവർക്കു നൽകി.
അന്ധേരി ഈസ്റ്റ് എം.എൽ.എ മുർജി പട്ടേൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കോർപ്പറേറ്റർ പ്രകാശ് മുസ്ലെയും ഡോക്ടർ ഐ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സുമർ ഡോക്ടറും മുഖ്യാതിഥികളായി പങ്കെടുത്തു. സമാജം പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എം.എൽ.എ മുർജി പട്ടേലും ഡോ. സുമർ ഡോക്ടറും സംസാരിച്ചു. സമാജം ട്രഷറർ കെ.പി. മുകുന്ദൻ നന്ദി പറഞ്ഞു. ശ്രീജു മേനോൻ പരിപാടികൾ നിയന്ത്രിച്ചു.

പ്രവാസി മലയാളികളുടെയും പ്രദേശവാസികളുടെയും ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകി സമാജം ഇത്തരം ക്യാമ്പുകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.