മണിക്കൂറിൽ 251 കി.മീ വേഗത; നിയന്ത്രണം വിട്ട് വായുവിൽ മലക്കംമറിഞ്ഞ ബിഎംഡബ്ല്യു ദുരന്തത്തിന് കാരണം അമിതവേഗത തന്നെ; മലയാളി യുവതിയുടെ സംസ്‌കാരം ഇന്ന്

by WhatsUp Mumbai

മുംബൈ: മുംബൈയ്ക്ക് സമീപം ബദ്ലാപൂരിൽ മലയാളി യുവതിയടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടത്തിന് കാരണം  ബിഎംഡബ്ല്യു (BMW) കാറിന്റെ കടുത്ത അമിതവേഗത തന്നെയെന്ന് സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് കാറിലെ സ്പീഡോമീറ്ററിൽ വേഗത മണിക്കൂറിൽ 251 കിലോമീറ്റർ തൊടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാറിനുള്ളിൽ നിന്ന് തന്നെ പുറത്തുവന്നതോടെയാണ് മരണപ്പാച്ചിലാണ് ദുരന്തം വരുത്തിവെച്ചതെന്ന കാര്യം വ്യക്തമായത്.

അപകടത്തിൽ മരിച്ച ബാന്ദ്ര വെസ്റ്റിൽ താമസിക്കുന്ന റെബേക്ക ബാബു ജേക്കബിന്റെ (24) മാതാപിതാക്കൾ കോട്ടയം ജില്ല സ്വദേശികളാണ്. ഇംഗ്ലീഷ് പത്രത്തിൽ ജീവനക്കാരിയായിരുന്നു റെബേക്ക. അമ്മ അധ്യാപികയാണ്. ഞായറാഴ്ച പുലർച്ചെ 2.39 ഓടെയുണ്ടായ അപകടത്തിൽ റെബേക്കയ്ക്കൊപ്പം ബദ്‌ലാപൂർ സ്വദേശിയായ യോഗേഷ് കിഷൻ നേഗിയും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

അമിതവേഗതയിലായിരുന്ന ആഡംബര കാർ വായുവിൽ പലതവണ മലക്കംമറിഞ്ഞ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ റൂഫ് (hood) താഴേക്ക് പതിച്ചതോടെ ഉള്ളിലിരുന്ന യാത്രക്കാർ ദൂരേക്ക് തെറിച്ചുപോയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. വാഹനം ഓടിച്ചിരുന്ന അംഗദ് ഗില്ലിനെ (26) ഗുരുതര പരിക്കുകളോടെ കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിവേഗപ്പാച്ചിലിനിടെയുണ്ടായ നിയന്ത്രണം നഷ്ടമാകലാണ് വൻ ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റെബേക്കയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ബാന്ദ്ര വെസ്റ്റിലെ വസതിയിൽ രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദാദറിലുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടക്കും. വൈകിട്ട് 3 മണിക്ക് സെവ്‌രി സെമിത്തേരിയിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

You may also like