‘പിങ്ക്’ വിരുന്നുകാർ അകലുന്നു; നവി മുംബൈയിലെ ഫ്ലെമിംഗോ തടാകം കടുത്ത മലിനീകരണ ഭീഷണിയിൽ

by WhatsUp Mumbai

നവി മുംബൈ: രാജഹംസങ്ങളുടെ (ഫ്ലെമിംഗോ) പ്രധാന താവളമായ നവി മുംബൈയിലെ ഡിപിഎസ് ഫ്ലെമിംഗോ തടാകം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലെന്ന് മുന്നറിയിപ്പ്. വേലിയേറ്റ സമയത്ത് തടാകത്തിലേക്ക് ഒഴുകിയെത്തുന്ന തോടുകളിലെ മലിനജലവും നഗരമാലിന്യങ്ങളുമാണ് ഇവിടുത്തെ സവിശേഷമായ ജൈവവ്യവസ്ഥയെ തകിടം മറിക്കുന്നത്. ഇതോടെ ഈ സീസണിൽ ഇവിടെയെത്തുന്ന ഫ്ലെമിംഗോകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തടാകത്തിലെ ജലത്തിൽ അനുവദനീയമായ പരിധിയിലും ഒൻപത് മടങ്ങിലധികം മലിനീകരണമാണ് കണ്ടെത്തിയിട്ടുള്ളത്. ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് (TDS) അനുവദനീയമായ പരമാവധി പരിധി 2,100 mg/l ആയിരിക്കെ, പരിശോധനയിൽ ഇത് 19,600 mg/l ആയി രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി തടാകത്തിലെ ജലനിലവാരം ഇതേ രീതിയിൽ മോശമായി തുടരുകയാണെന്ന് നാറ്റ്കണക്ട് ഫൗണ്ടേഷൻ ഡയറക്ടർ ബി. എൻ. കുമാറും, നവി മുംബൈ എൻവയോൺമെന്റ് പ്രിസർവേഷൻ സൊസൈറ്റിയിലെ സന്ദീപ് സരീനും ചൂണ്ടിക്കാട്ടുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും ടിഡിഎസ് (TDS), ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) എന്നിവ അപകടകരമായ വിധം ഉയർന്ന നിലയിലായിരുന്നു.

റാംസർ സൈറ്റുകളുടെ പട്ടികയിലുള്ള താനെ ക്രീക്ക് ഫ്ലെമിംഗോ സാങ്ച്വറിയുടെ ഭാഗമാണ് ഈ തടാകം. ഫ്ലെമിംഗോകൾക്ക് സ്വാഭാവികമായ ലവണാംശം അതിജീവിക്കാൻ കഴിയുമെങ്കിലും, അഴുക്കുചാലിലെ മലിനജലവും നഗരമാലിന്യങ്ങളും നിറഞ്ഞ വെള്ളത്തിൽ അവയ്ക്ക് നിലനിൽക്കാനാകില്ലെന്ന് സന്ദീപ് സരീൻ വ്യക്തമാക്കി. വെള്ളത്തിന്റെ ഗുണനിലവാരം തകരാറിലായതോടെ പക്ഷികളുടെ പ്രധാന ആഹാരമായ പായലുകൾ, സൂക്ഷ്മജീവികൾ എന്നിവയുടെ വളർച്ചയെ ഇത് ബാധിച്ചു. തടാകത്തെ ‘കൺസർവേഷൻ റിസർവ്’ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്നും ശക്തമായ നിയമപരിരക്ഷ തടാകത്തിന് ഉറപ്പാക്കണമെന്നും ബി. എൻ. കുമാർ അധികൃതരോട് ആവശ്യപ്പെട്ടു.

You may also like