​’അന്ന് 40 എംഎൽഎമാർ, ഇന്ന് സിക്സറടിച്ച് 6 എംപിമാർ’; ഓപ്പറേഷൻ ടൈഗർ വിജയമെന്ന് പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് 6 വിമത ലോക്സഭാ എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ഔദ്യോഗികമായി ചേർന്നു. സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ എന്നിവരാണ് ഷിൻഡെയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.

പാർട്ടി ലയനത്തിന് ആവശ്യമായ എല്ലാ നിയമപരവും ഭരണഘടനാപരവുമായ ചട്ടങ്ങളും പൂർത്തിയാക്കിയതായി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആവശ്യമായ പ്രൊസീജറുകൾ എല്ലാം കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ൽ 40 എംഎൽഎമാരുമായി തുടങ്ങിയ നീക്കത്തിൽ, ഇപ്പോൾ 6 എംപിമാരെക്കൂടി ഒപ്പം കൂട്ടി തങ്ങൾ സിക്സർ അടിച്ചിരിക്കുകയാണെന്നും ഷിൻഡെ പറഞ്ഞു.

മണ്ഡലങ്ങളുടെ വികസനത്തിന് വേണ്ടിയാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്ന് എംപിമാർ വ്യക്തമാക്കി. ഉദ്ധവ് പക്ഷം ഇവർക്ക് വിപ്പ് നൽകുകയും ചീഫ് വിപ്പ് അനിൽ ദേശായി കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നെങ്കിലും എംപിമാർ അത് തള്ളുകയായിരുന്നു. ഉദ്ധവ് പക്ഷത്തിന് വേണ്ടത് അടിമകളെയാണെന്ന് എംപിമാരിൽ ഒരാളായ സഞ്ജയ് ദിന പാട്ടീൽ വിമർശിച്ചു. പുതിയ മാറ്റത്തോടെ ലോക്സഭയിൽ ഷിൻഡെ പക്ഷത്തെ ശിവസേന എംപിമാരുടെ എണ്ണം 13 ആയി ഉയർന്നു.

You may also like