ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ബൈക്ക് ടാക്‌സി നിയമം ബാധകമാക്കാൻ നീക്കം; മഹാരാഷ്ട്രയിൽ നിയമക്കുരുക്ക്

by WhatsUp Mumbai

മുംബൈ: സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ തുടങ്ങിയ ഫുഡ് ഡെലിവറി, സാധന വിതരണ സ്ഥാപനങ്ങളെ സംസ്ഥാനത്തെ ബൈക്ക് ടാക്‌സി നയത്തിന് കീഴിൽ കൊണ്ടുവരാനുള്ള മഹാരാഷ്ട്ര സർക്കാറിന്റെ നീക്കം നിയമക്കുരുക്കിൽ. കേന്ദ്ര നിയമത്തിൽ മാറ്റം വരാതെ ഈ പദ്ധതി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി.

​ഈ കമ്പനികളെ പൂർണമായി നിയന്ത്രിക്കുക, ഇലക്ട്രിക് വാഹന ഉപയോഗം നിർബന്ധമാക്കുക, വിതരണക്കാരുടെ (ഡെലിവറി ബോയ്സ്) ക്ഷേമനിധിയിലേക്ക് ഓരോ ഓർഡറിന്റെയും നിരക്കിൽ നിന്ന് 2 ശതമാനം ഈടാക്കുക എന്നിവയായിരുന്നു പുതിയ നയത്തിന്റെ ലക്ഷ്യം. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയം കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താതെ സംസ്ഥാനത്തിന് ഇത് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഡെലിവറിക്കായി ഉപയോഗിക്കുന്ന ചെറിയ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്ക് കേന്ദ്ര നിയമത്തിൽ നൽകിയിട്ടുള്ള ഇളവുകളാണ് പ്രധാന തടസ്സം. വേഗത കുറഞ്ഞ ഇത്തരം വാഹനങ്ങൾക്ക് നിലവിൽ ആർടിഒ രജിസ്‌ട്രേഷനോ, ഡ്രൈവിങ് ലൈസൻസോ, ഇൻഷുറൻസോ നിർബന്ധമല്ല. ഈ വാഹനങ്ങളെക്കൂടി മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന രീതിയിൽ കേന്ദ്രം നിയമ ഭേദഗതി വരുത്തിയാൽ മാത്രമേ സംസ്ഥാനത്തിന്റെ ബൈക്ക് ടാക്‌സി നയം നടപ്പിലാക്കാൻ സാധിക്കൂ.

You may also like