ഓൺലൈൻ ഓഹരി തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച പൂനെ സ്വദേശിയായ മുൻ സൈനികനും കുടുംബത്തിനും അക്കൗണ്ട് മരവിപ്പിക്കൽ ഭീഷണി

by WhatsUp Mumbai

പുണെ: ഓൺലൈൻ ഓഹരി നിക്ഷേപ തട്ടിപ്പിൽപ്പെട്ട് പണം നഷ്ടമായ മുൻ സൈനികന്, തട്ടിയെടുത്ത പണം സൂത്രത്തിൽ തിരികെ കിട്ടിയെങ്കിലും ദുരിതം ഒഴിഞ്ഞില്ല. തട്ടിപ്പുകാർ തിരികെ അയച്ച പണം വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതോടെ, ഈ മുൻ സൈനികന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ഇതോടെ സ്വന്തം പണം ഉപയോഗിക്കാനാകാതെ നിയമപോരാട്ടത്തിലാണ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച വിശാൽ സിങ് യാദവ് (39).

2025 ജനുവരിയിലാണ് വിശാൽ സൈന്യത്തിൽ നിന്നു വിരമിക്കുന്നത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങി. അതിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ ‘ട്രൈജെൻ’ (TriGen) എന്ന വ്യാജ ട്രേഡിങ് ആപ്പിന്റെ സന്ദേശക്കൂട്ടായ്മയിൽ (വാട്സാപ്പ് ഗ്രൂപ്പ്) എത്തിപ്പെട്ടു. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ച് ലാഭം കിട്ടിയതോടെ, വലിയ തുക കിട്ടുമെന്ന പ്രതീക്ഷയിൽ 3.14 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ പെട്ടെന്ന് ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുകയും സന്ദേശക്കൂട്ടായ്മയിലുള്ളവർ പ്രതികരിക്കാതാവുകയും ചെയ്തതോടെയാണ് തട്ടിപ്പ് മനസ്സിലായത്.

എന്നാൽ ബുദ്ധിപൂർവം നീങ്ങിയ വിശാൽ, തട്ടിപ്പുകാരുടെ ഉപഭോക്തൃ സേവന നമ്പറിലേക്ക് (കസ്റ്റമർ കെയർ) വിളിച്ചു. 10 ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ താല്പര്യമുണ്ടെന്ന് അവരെ വിശ്വസിപ്പിച്ചു. കൂടുതൽ പണം വരുമെന്ന് കരുതിയ തട്ടിപ്പുകാർ, വിശാലിൽ നിന്ന് മുൻപ് തട്ടിയെടുത്ത തുകയിൽ നിന്ന് 2.92 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി വിശാലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ അയച്ചുകൊടുത്തു. എന്നാൽ ഇനിയൊരിക്കലും താൻ പണം നിക്ഷേപിക്കില്ലെന്ന് വിശാൽ വ്യക്തമാക്കിയതോടെ തട്ടിപ്പുകാർ പണം അയക്കുന്നത് നിർത്തി.

പക്ഷേ, വിശാലിന് കിട്ടിയ പണം തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന മറ്റ് വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ളതായിരുന്നു. ഈ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ പോലീസിന്റെ സൈബർ വിഭാഗം അന്വേഷണം തുടങ്ങിയതോടെയാണ് വിശാലിന്റെ അക്കൗണ്ടും സംശയനിഴലിലായത്. തുടർന്ന് വിശാലിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. ഇതിനുപിന്നാലെ ഭാര്യയുടെ അക്കൗണ്ടും, വയസ്സായ അമ്മയോടൊപ്പമുള്ള സംയുക്ത അക്കൗണ്ടും, സൈനിക പെൻഷൻ അക്കൗണ്ടും ഉൾപ്പെടെയുള്ളവ ബാങ്കുകൾ പൂട്ടി.

കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിലെ കേസുകളുമായി ഇതിന് ബന്ധമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വിശാൽ പറഞ്ഞു. തർക്കമുള്ള തുക സ്ഥിരനിക്ഷേപമായി (ഫിക്സഡ് ഡെപ്പോസിറ്റ്) നിലനിർത്തി ബാക്കി അക്കൗണ്ടുകൾ തുറന്നുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. പെൻഷൻ തുകയും വിരമിക്കൽ ആനുകൂല്യങ്ങളും ഉപയോഗിച്ചാണ് മക്കളുടെ പഠനവും ലോൺ തിരിച്ചടവുകളും നടത്തുന്നത്. അതിനാൽ ഏതു നിമിഷവും ജീവിതം വഴിമുട്ടുമോ എന്ന ഭീതിയിലാണ് തങ്ങളെന്നും വിശാൽ സിങ് യാദവ് പറഞ്ഞു. സംഭവത്തിൽ വ്യാജ അക്കൗണ്ടുകൾക്കെതിരെ വിപുലമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുവരെ 160 ലധികം കേസുകൾ (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പുണെ പോലീസ് ജോയിന്റ് കമ്മീഷണർ സഞ്ജയ് ദരാഡെ അറിയിച്ചു.

You may also like