എൽപിജി പ്രതിസന്ധി: പ്രീമിയം ട്രെയിനുകളിൽ ഭക്ഷണം കുറച്ചു, സ്റ്റേഷനുകളിലെ ലഘു ഭക്ഷണ സ്റ്റാളുകൾക്കും തിരിച്ചടി

by WhatsUp Mumbai

മുംബൈ: എൽപിജി വിതരണത്തിൽ ഉണ്ടായ തടസ്സം റെയിൽവേയിലെ ഭക്ഷണ സേവനങ്ങളെയും ബാധിച്ചു. ചില പ്രീമിയം ദൂരയാത്രാ ട്രെയിനുകളിൽ പാചകഭക്ഷണം നൽകുന്നത് താൽക്കാലികമായി കുറച്ചു. ഇതോടൊപ്പം മുംബൈയിലെ  റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകളിലും ലഘു ഭക്ഷണങ്ങളുടെ ലഭ്യത കുറയാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മുംബൈയിലെ ശിവരിയിൽ പ്രവർത്തിക്കുന്ന ഐആർസിടിസിയുടെ ക്ലൗഡ് കിച്ചനിൽ എൽപിജി ലഭിക്കാത്തതിനെ തുടർന്ന് പാചകം തടസ്സപ്പെട്ടു. ഇവിടെ നിന്നാണ് ദിവസേന ഏകദേശം 4500 യാത്രക്കാർക്കുള്ള ഭക്ഷണം തയ്യാറാക്കി വന്ദേ ഭാരത്, രാജ്ധാനി, ശതാബ്ദി, ദുരന്തോ, തേജസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലേക്ക് എത്തിച്ചിരുന്നത്. പ്രശ്നം തുടരുന്നതിനാൽ ചില ട്രെയിനുകളിൽ താൽക്കാലികമായി റെഡി–ടു–ഈറ്റ് ഭക്ഷണമാണ് നൽകുന്നത്.

ഇതിനിടെ മുംബൈയിലെ ഉപനഗര റെയിൽവേ സ്റ്റേഷനുകളിലെ പല ഭക്ഷണ സ്റ്റാളുകളും എൽപിജി ക്ഷാമം നേരിടുന്നു. വട, സമോസ, ബ്രെഡ് പകോഡ പോലുള്ള വറുത്ത പലഹാരങ്ങൾ തയ്യാറാക്കുന്നത് ചില സ്ഥലങ്ങളിൽ നിർത്തിവയ്ക്കേണ്ടി വരാമെന്ന് വ്യാപാരികൾ പറയുന്നു.

മുംബൈ ഡിവിഷനിൽ മാത്രം നൂറുകണക്കിന് ഭക്ഷണ സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ സേവനം തടസ്സപ്പെടാതിരിക്കാനായി എൽപിജിക്ക് പകരം ഇൻഡക്ഷൻ സ്റ്റൗവ്, മൈക്രോവേവ് പോലുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാൻ ഐആർസിടിസി നിർദേശം നൽകി.

ട്രെയിനുകളിലെ ഭക്ഷണ സേവനം തടസ്സപ്പെടാതിരിക്കാനായി ആവശ്യമായ എൽപിജി വിതരണം ഉറപ്പാക്കണമെന്ന് റെയിൽവേ ബോർഡ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like