ഡോംബിവിലി: കേരളീയ സമാജം ഡോംബിവിലിയുടെ ആഭിമുഖ്യത്തിൽ ‘തുഞ്ചൻ സാഹിത്യോത്സവം 2026’ സംഘടിപ്പിക്കുന്നു. 2026 ജൂൺ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഡോംബിവിലിയിലെ തുഞ്ചൻ സ്മാരക ഹാളിലാണ് ഈ അക്ഷരോത്സവം അരങ്ങേറുന്നത്.
ഈ വർഷത്തെ തുഞ്ചൻ സാഹിത്യോത്സവത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മലയാളി നോവലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൃതിക്ക് ആദ്യമായി ‘തുഞ്ചൻ സ്മാരക പുരസ്കാരം’ സമർപ്പിക്കും. പ്രഗത്ഭരായ ജൂറി നിർണ്ണയിക്കുന്ന ഈ പുരസ്കാരം 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. പ്രവാസലോകത്ത് ഭാഷാപിതാവിന് അക്ഷരങ്ങൾ കൊണ്ട് മറ്റൊരു സ്മാരകം കൂടി തീർക്കുകയാണ് ഇതിലൂടെ സമാജം ചെയ്യുന്നത്. മുൻവർഷങ്ങളിൽ ബഹുഭാഷാ എഴുത്തുകാരെ അണിനിരത്തിയ ‘സമന്വയം 2025’, ‘കഥാകാലം’, ‘മുകുന്ദപർവ്വം’ തുടങ്ങിയ വൻ ജനപങ്കാളിത്തം നേടിയ സാഹിത്യാഘോഷങ്ങളും സമാജം സംഘടിപ്പിച്ചിരുന്നു.
സാഹിത്യ രംഗത്തെ പ്രമുഖർ ഒരേ വേദിയിൽ
പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റുമായ ടി. ഡി. രാമകൃഷ്ണൻ ഈ മഹത്തായ സാഹിത്യോത്സവത്തിന് തിരിതെളിയിക്കും. ബഹുമുഖപ്രതിഭയായ കെ. ജയകുമാർ IAS (Rtd) ചടങ്ങിൽ വെച്ച് പ്രഥമ KSD തുഞ്ചൻ സ്മാരക സാഹിത്യ പുരസ്കാരം സമർപ്പിക്കും. സാംസ്കാരിക ലോകത്തെ ശ്രദ്ധേയനായ ജനപ്രിയ പ്രഭാഷകൻ വി. കെ. സുരേഷ് ബാബുവിന്റെ മുഖ്യപ്രഭാഷണവും ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
വിജ്ഞാനഭരിതമായ സെമിനാറും ചർച്ചകളും
തുടർന്ന് നടക്കുന്ന സാഹിത്യസെമിനാറിൽ “നഗരസാഹിത്യം – കാലം, പ്രമേയം, ഭാവുകത്വം” എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ചിന്തകനുമായ എം. ജി. അരുൺ പ്രബന്ധം അവതരിപ്പിക്കും. മുംബൈയിലെ മുതിർന്ന സാഹിത്യ സാംസ്കാരിക പ്രവർത്തകനും പുസ്തക രചയിതാവുമായ കെ. രാജൻ ഈ നഗരസാഹിത്യസംവാദത്തിന് ദിശാബോധം നൽകും.
സാഹിത്യലോകത്തെ അതികായനായ നോവലിസ്റ്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സാഹിത്യചർച്ച എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശനം ഉദ്ഘാടനം ചെയ്യും. ചർച്ചാവേദിയിൽ പ്രവാസി എഴുത്തുകാർ തങ്ങളുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കും.
അതേസമയം വാക്കുകളുടെയും ചിന്തകളുടെയും ഈ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരളീയ സമാജം ഡോംബിവിലി ഭരണസമിതിക്കുവേണ്ടി രാജശേഖരൻ നായർ അറിയിച്ചു. പ്രവാസലോകത്തെ ഈ വലിയ അക്ഷരോത്സവത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഡോംബിവിലിയിൽ പൂർത്തിയായിരിക്കുന്നത്.