തലോജ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി തലോജയിലെ പരംശാന്തിധാം വൃദ്ധാശ്രമത്തിൽ സ്നേഹസമ്മാനങ്ങളുമായി ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം (HGABS). ആശ്രമത്തിലെ അന്തവാസികൾക്ക് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. HGABS സന്നദ്ധപ്രവർത്തകരായ ശശികുമാർ നായർ, മനോജ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ കൈമാറിയത്.
ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയ പരമ്പരാഗത ഓണവിഭവങ്ങൾക്ക് പുറമെ ബെഡ്ഷീറ്റ്, തലയണ കവറുകൾ, തോർത്ത്, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, ഡിറ്റർജന്റ് പൗഡർ, സോപ്പ്, അഗർബത്തി, സീസണൽ പഴങ്ങൾ എന്നിവയടങ്ങിയ വിപുലമായ കിറ്റാണ് ആശ്രമവാസികൾക്ക് സമ്മാനിച്ചത്.
ഓണക്കാലത്ത് ലഭിച്ച ഈ കരുതലിലും സ്നേഹസമ്മാനത്തിലും ആശ്രമവാസികൾ ഏറെ സന്തോഷം പ്രകടിപ്പിച്ചു. തുടർച്ചയായി ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ സംരംഭങ്ങളെ അവർ അഭിനന്ദിക്കുകയും ചെയ്തു.