മുംബൈ : മുംബൈ മഹാനഗര മേഖലയിലും സമീപ ജില്ലകളിലും കടുത്ത ചൂടും ഉയർന്ന ഈർപ്പവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. മുംബൈ, താനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും ഉഷ്ണവും ഈർപ്പവും കൂടിയ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
താനെയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് സമീപം ഉയരാനിടയുണ്ടെന്നാണ് പ്രവചനം. ചൂടിനൊപ്പം ഉയർന്ന ഈർപ്പവും അനുഭവപ്പെടുന്നതിനാൽ അസ്വസ്ഥത കൂടാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
മധ്യാഹ്ന സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മതിയായ വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. കുട്ടികൾ, വയോധികർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കടുത്ത വേനലിൽ മുംബൈ നഗരവും പരിസര പ്രദേശങ്ങളും വീണ്ടും ചൂടിന്റെ പിടിയിലായിരിക്കുകയാണ്.