മുംബൈ : മുംബൈ–പൂനെ എക്സ്പ്രസ് വേയിൽ എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മറ്റൊരു വാഹനം കാറിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് സുരക്ഷിതയായതെന്ന് സുപ്രിയ സുലെ വ്യക്തമാക്കി.
അപകടത്തിൽ കാർക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും സുപ്രിയ സുലെയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും ഗുരുതര പരിക്കുകളില്ലെന്നാണു വിവരം. സംഭവത്തിന് പിന്നാലെ താൻ സുരക്ഷിതയാണെന്ന് സുപ്രിയ സുലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്ന് സുപ്രിയ സുലെ ഓർമ്മിപ്പിക്കുകയും ചെയ്തു. “സീറ്റ് ബെൽറ്റ് ജീവൻ രക്ഷിക്കും” എന്ന സന്ദേശത്തോടെയായിരുന്നു അവരുടെ പ്രതികരണം.
മുംബൈ–പൂനെ എക്സ്പ്രസ് വേയിൽ നിരന്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംഭവം വീണ്ടും റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.