മുംബൈ: മുൻ സെലിബ്രിറ്റി മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സതീഷ് സാലിയൻ അയച്ച 500 കോടി രൂപയുടെ മാനനഷ്ട നോട്ടീസും മാപ്പപേക്ഷയും തള്ളി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. ആരോപണങ്ങൾ നിഷേധിക്കുന്നതോ കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുന്നതോ മാനനഷ്ടമാകില്ലെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി.
ദിഷയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്ന തന്റെ ശ്രമങ്ങളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആദിത്യ താക്കറെ അപമാനിച്ചുവെന്നായിരുന്നു സതീഷ് സാലിയന്റെ ആരോപണം. എന്നാൽ, തന്റെ പോസ്റ്റുകളിൽ സതീഷിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും ദിഷ സാലിയനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആദിത്യ താക്കറെയുടെ അഭിഭാഷകൻ മറുപടി നൽകി. തെളിവുകളില്ലാതെ കഴിഞ്ഞ ആറു വർഷമായി തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും, മകളുടെ മരണശേഷം സതീഷ് സാലിയൻ നടത്തുന്ന പ്രസ്താവനകളിൽ പരസ്പരവൈരുധ്യമുണ്ടെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.