മുംബൈ: ഉത്സവങ്ങളുടെയും മതപരമായ ആഘോഷങ്ങളുടെയും പേരിൽ പൊതുനിരത്തുകളിലെ ശബ്ദ-വായു മലിനീകരണത്തിനെതിരെ കർശന നടപടിയുമായി ബോംബെ ഹൈക്കോടതി. ആഘോഷവേളകളിൽ പൊതുവഴികളിലും റോഡുകളിലും പടക്കം പൊട്ടിക്കുന്നത് പൂർണമായി നിരോധിക്കാൻ അധികൃതർക്ക് കോടതി നിർദേശം നൽകി. പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് തീരുമാനം. ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്നും ലംഘനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഘോഷയാത്രകളിലും പൊതുപരിപാടികളിലും ലൗഡ്സ്പീക്കറുകൾ സ്ഥാപിക്കുന്നതിനും കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നതിന് മുൻപ് സംഘാടകർ നിർബന്ധമായും ആവശ്യമായ അനുമതി പത്രം വാങ്ങേണ്ടതുണ്ട്. കൂടാതെ, ലഭിച്ച അനുമതി പത്രത്തിന്റെ പകർപ്പ് പരിപാടി നടക്കുന്ന സ്ഥലത്തോ ഘോഷയാത്രയിലോ കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ലൗഡ്സ്പീക്കറുകളും ഉപകരണങ്ങളും പിടിച്ചെടുക്കാൻ അധികൃതർക്ക് കോടതി നിർദേശം നൽകി.
ശബ്ദം കൃത്രിമമായി കൂട്ടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്രകളിൽ ശബ്ദതീവ്രത വർധിപ്പിക്കാനായി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ശീലം കോടതി പൂർണമായി നിരോധിച്ചു. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിർദിഷ്ട നിബന്ധനകളോടെയാണ് അനുമതി നൽകാറുള്ളതെന്നും ഇവ ലംഘിക്കുന്നവർക്കെതിരെ കൃത്യമായി നടപടിയെടുക്കാറുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചു. വാക്കാൽ നൽകിയ ഈ നിർദേശങ്ങളുടെ വിശദമായ രേഖാമൂലമുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.