ടിക്കറ്റും ഉണ്ടായിരുന്നു, സുഹൃത്തിന്റെ സാക്ഷിമൊഴിയും; റെയിൽവേ തള്ളിയ കേസിൽ മാതാപിതാക്കൾക്ക് അനുകൂലമായി ബോംബെ ഹൈക്കോടതി

by WhatsUp Mumbai

​മുംബൈ: പതിനേഴു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആ മാതാപിതാക്കളുടെ കണ്ണീരിന് ബോംബെ ഹൈക്കോടതിയുടെ നീതിവിധി. മുംബൈയിലെ ലോക്കൽ ട്രെയിനിൽനിന്ന് വീണ് 16-കാരനായ മകൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകാൻ റെയിൽവേയ്ക്ക് കോടതി നിർദ്ദേശം നൽകി. 2009-ൽ നടന്ന ദാരുണമായ അപകടത്തിനാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ പരിഹാരമായിരിക്കുന്നത്.  

2009 ജൂൺ 20-നായിരുന്നു മുംബൈ നഗരത്തെ നടുക്കിയ ആ ദുരന്തം. ഗോരേഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആരോഗ്യരാജ് ചെട്ടിയാർ എന്ന പതിനാറുകാരൻ ജോഗേശ്വരി സ്റ്റേഷന് സമീപം വെച്ച് കനത്ത തിരക്കിൽപെട്ട് ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

മകൻ നഷ്ടപ്പെട്ട സങ്കടത്തിനിടയിലും നീതിക്കായി റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ച മാതാപിതാക്കൾക്ക് ആദ്യഘട്ടത്തിൽ നിരാശയായിരുന്നു ഫലം. കുട്ടി ട്രെയിനിൽ നിന്ന് വീണതല്ലെന്നും, റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാണെന്നുമുള്ള റെയിൽവേയുടെ വാദങ്ങൾ അംഗീകരിച്ച് 2016-ൽ ട്രൈബ്യൂണൽ ഇവരുടെ അപേക്ഷ തള്ളി. എന്നാൽ, മകന് കൃത്യമായ യാത്രാ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നതും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സാക്ഷിമൊഴിയും ചൂണ്ടിക്കാട്ടി കുടുംബം 2017-ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

​കേസ് വിശദമായി പരിശോധിച്ച ബോംബെ ഹൈക്കോടതി ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ, റെയിൽവേ ട്രൈബ്യൂണലിന്റെ കണ്ടെത്തലുകൾ പൂർണ്ണമായും തള്ളി. ട്രെയിനിലെ അമിത തിരക്കുകാരണം സംഭവിച്ച അവിചാരിതമായ വീഴ്ചയാണിതെന്നും, ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചതാണെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതി നിരീക്ഷിച്ചു. അപകടം നടന്ന് വർഷങ്ങൾ ഏറെ കഴിഞ്ഞതിനാൽ ഇനി വൈകിക്കരുതെന്നും, 2009 മുതലുള്ള 6 ശതമാനം പലിശ സഹിതം തുക അടിയന്തരമായി കൈമാറണമെന്നും കോടതി ഉത്തരവിട്ടു. ഒരു കൗമാരക്കാരന്റെ ജീവന് പകരമാകില്ലെങ്കിലും, ഈ വിധി ആ കുടുംബത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

You may also like