മുംബൈ: ഇന്ത്യയിലെ ഏറ്റവും ആധുനികമായ പൊതുഗതാഗത സംവിധാനമെന്ന് അവകാശപ്പെടുന്ന മുംബൈ മെട്രോയുടെ പുതിയ അക്വാ ലൈനിൽ (ലൈൻ 3) വൻ സാങ്കേതിക തകരാർ. ഓഫിസ് സമയത്തെ തിരക്കിനിടയിൽ മെട്രോ സർവീസ് ഏതാണ്ട് 50 മിനിറ്റോളം പൂർണ്ണമായി നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് തുരങ്കത്തിനുള്ളിലെ ട്രെയിനുകളിൽ കുടുങ്ങിയത്.ഭീതിജനകമായ ആ നിമിഷങ്ങളായിരുന്നു വെന്നാണ് തുരങ്കത്തിൽ കുടുങ്ങിയ യാത്രക്കാർ അതിനെ വിശേഷിപ്പിച്ചത്.
ഓഫിസുകളിലേക്കും ബിസിനസ്സ് കേന്ദ്രങ്ങളിലേക്കും ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന രാവിലത്തെ തിരക്കേറിയ സമയത്തായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടർന്ന് ഭൂഗർഭ തുരങ്ക പാതയിൽ ട്രെയിൻ പെട്ടെന്ന് നിശ്ചലമാവുകയായിരുന്നു. തൊട്ടുപിന്നാലെ മെട്രോയ്ക്കുള്ളിലെ എയർ കണ്ടീഷണറുകളും (AC) ലൈറ്റുകളും ഓഫായതോടെ കനത്ത ഇരുട്ടിലും ചൂടിലും യാത്രക്കാർ ശ്വാസം കിട്ടാതെ പിടഞ്ഞു.
ട്രെയിൻ നിർത്തിയതിന് പിന്നാലെ കൃത്യമായ അനൗൺസ്‌മെന്റുകളോ എമർജൻസി അസിസ്റ്റൻസോ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചു. കനത്ത ഇരുട്ടിൽ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ പരിഭ്രാന്തരായി. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചാണ് പലരും ആശ്വാസം കണ്ടെത്തിയത്. തുരങ്കത്തിനുള്ളിൽ വായുസഞ്ചാരം കുറഞ്ഞതോടെ പലർക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു.
ഏതാണ്ട് 50 മിനിറ്റോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സാങ്കേതിക തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കാൻ മെട്രോ ജീവനക്കാർക്ക് കഴിഞ്ഞത്. സിഗ്നലിങ് സംവിധാനത്തിലുണ്ടായ പെട്ടെന്നുള്ള തകരാറാണ് ട്രെയിനുകൾ നിശ്ചലമാകാൻ കാരണമായതെന്നാണ് മെട്രോ അധികൃതരുടെ പ്രാഥമിക വിശദീകരണം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും ഉറപ്പുനൽകി.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനിക അക്വാ ലൈനിൽ ഇത്രയും വലിയ സുരക്ഷാ വീഴ്ചയും സാങ്കേതിക തകരാറും ഉണ്ടായത് യാത്രക്കാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനോ അവർക്ക് പ്രാഥമിക സഹായം നൽകുന്നതിനോ ഉള്ള കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ മെട്രോ അധികൃതർ പാലിച്ചില്ലെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്.