മുംബൈ : മഹാരാഷ്ട്രയിലെ വൻ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. താനെ ജില്ലയെ സമഗ്ര ഗതാഗതകേന്ദ്രമായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
“മെട്രോ റെയിൽപാതകൾ, പുതിയ റോഡുകൾ, ദേശീയപാത വികസനം, റെയിൽവേ ശൃംഖല വിപുലീകരണം എന്നിവ പൂർത്തിയാകുന്നതോടെ മുംബൈ–താനെ മേഖലയിൽ യാത്ര ഏറെ സൗകര്യപ്രദമാകും. യാത്രാസമയം കുറയും. ഗതാഗതക്കുരുക്ക് കുറയും. വ്യാപാര-വ്യവസായ മേഖലകൾക്ക് കൂടുതൽ ചലനവും വളർച്ചയും ലഭിക്കും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ”.അദ്ദേഹം പറഞ്ഞു.
അതേസമയം, കല്യാൺ നഗരത്തെ ഭാവിയെ മുൻനിർത്തിയുള്ള ആധുനിക നഗരകേന്ദ്രമായി മാറ്റാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട റോഡുകളും പൊതുഗതാഗത സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വഴി കല്യാൺ വികസനത്തിന്റെ പുതിയ കേന്ദ്രമായി ഉയരുമെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം നൽകുകയും കൂടുതൽ നിക്ഷേപം ആകർഷിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മഹാരാഷ്ട്രയുടെ വികസനത്തിന് പുതിയ ദിശയും വേഗതയും നൽകുന്ന നീക്കങ്ങളാണിവയെന്ന് അദ്ദേഹം ഒരു പൊതു പരിപാടിക്കിടെ വ്യക്തമാക്കി.