മുംബൈ: എട്ടു വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകൻ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിൽ മനംനൊന്ത് വനിതാ സോഫ്റ്റ്വേർ എൻജിനീയർ മുംബൈയിൽ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊണ്ട്രുപടു ഗ്രാമവാസിയായ അഡ്ഡഗല്ല കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു കീർത്തി. പ്രകാശം ജില്ല സ്വദേശിയായ പാപിനേനി സായ് (സായ് സുമന്ത്) എന്ന യുവാവുമായി കീർത്തി ദീർഘകാലമായി പ്രണയത്തിലായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന സായുമായി സോഷ്യൽ മീഡിയ വഴിയാണ് കീർത്തി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കെയാണ് കീർത്തിയെ അറിയിക്കാതെ സായിയുടെ വിവാഹം വീട്ടുകാർ മറ്റൊരു യുവതിയുമായി നിശ്ചയിച്ചത്. ഇതിൽ അതീവ ദുഃഖിതയായ കീർത്തി ജൂലൈ 14-ന് ജീവനൊടുക്കുകയായിരുന്നു.
മരണത്തിന് മുൻപ് കീർത്തി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണാനന്തര ചടങ്ങുകൾ സായ് നടത്തണമെന്നും, തന്റെ മൃതദേഹത്തിൽ താലി ചാർത്തണമെന്നുമാണ് കത്തിൽ കീർത്തി ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്ന് കീർത്തിയുടെ ബന്ധുക്കൾ മൃതദേഹവുമായി സായിയുടെ വീട്ടുപടിക്കൽ എത്തി ‘മരണാനന്തര വിവാഹം’ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തി.
പ്രതിഷേധക്കാർ സായിയുടെ വീടിന്റെ ഗേറ്റ് തകർത്ത് മൃതദേഹം വീട്ടുപറമ്പിലേക്ക് മാറ്റുകയും സായിക്കെതിരെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ തംഗുട്ടൂർ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും, നാട്ടുകാരുടെ സഹകരണത്തോടെ കീർത്തിയുടെ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.