മുംബൈയിൽ വീണ്ടും ബെസ്റ്റ് ബസ് അപകടം : 65-കാരന് ദാരുണാന്ത്യം

by WhatsUp Mumbai

മുംബൈ: നഗരത്തിൽ ബെസ്റ്റ് (BEST) ബസുകൾ വരുത്തിവെക്കുന്ന അപകട പരമ്പരകളിൽ ഒടുവിലത്തേതിൽ മൻഖുർദിൽ 65-കാരന് ദാരുണാന്ത്യം. മൻഖുർദ് മഹാരാഷ്ട്ര നഗർ സ്വദേശിയായ അബ്ദുൾ ഗഫൂർ ഷെയ്ഖ് ആണ് ബെസ്റ്റ് ബസിടിച്ച് മരിച്ചത്. പൊതുഗതാഗത ബസുകളുടെ തുടർച്ചയായ അപകടങ്ങൾ മുംബൈ നഗരത്തിൽ വലിയ ആശങ്കയ്ക്ക് വഴിവെക്കുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം ലിങ്ക് റോഡിലെ പി.എം.ജി.പി കോളനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുൾ ഗഫൂർ ഷെയ്ഖിനെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ ബാബാസാഹേബ് കാംബ്ലെയെ മൻഖുർദ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ച് ജീവാപായം വരുത്തിയതിന് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തിട്ടുണ്ട്.

You may also like