മുംബൈ: ദൈനംദിന ജീവിതത്തിലെ അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും മാനസിക വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കൊച്ചി അമൃത ഹോസ്പിറ്റലിലെ പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ. ഫെയ്മ (FAIMA) മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘Importance of Appreciation in Day-to-Day Life’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനുമുള്ള ചെറിയ മനോഭാവങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഡോ. ഗിരിജ ലളിതമായ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. ട്രാൻസാക്ഷണൽ അനാലിസിസിലെ ‘സ്ട്രോക്ക്’ (Stroke) എന്ന ആശയത്തിലൂന്നിയായിരുന്നു പ്രഭാഷണം. ശ്രദ്ധയും പ്രശംസയും ഓരോ മനുഷ്യന്റെയും നിലനിൽപ്പിന് അനിവാര്യമാണെന്നും, ഇവയുടെ അഭാവം വ്യക്തികളിൽ പ്രതികൂല സ്വഭാവരീതികൾക്ക് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പോസിറ്റീവ് സ്ട്രോക്കുകൾ വ്യക്തിത്വത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും, “I’m OK – You’re OK” എന്ന ആരോഗ്യകരമായ ജീവിതനിലപാട് വളർത്തിയെടുക്കേണ്ടതിനെക്കുറിച്ചും വിശദീകരിച്ച അവർ, തുടർന്ന് പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് പ്രായോഗികമായ മറുപടികളും നൽകി.
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയർപേഴ്സൺ വിനീത പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിത ബാബു തോമസ് സ്വാഗതം ആശംസിച്ചു. വിജയലക്ഷ്മി നായർ പരിപാടിയുടെ അവതരണം നിർവഹിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിന് അഡ്വ. തുഷാരി പിള്ള നന്ദി രേഖപ്പെടുത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി രാജീവ് പണിക്കർ, അമരാവതി സോൺ പ്രതിനിധി ബിജി ഷാജി, കൺവീനർ ബോബി സുലക്ഷണ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.