തിരുവനന്തപുരം:ബി.ബി. ഗോപകുമാറിന്റെ നിയമസഭാ പ്രവേശത്തോടെ കേരളത്തിൽ മുഴങ്ങുന്നത് ദേശീയതയുടെ ശബ്ദമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി. ഉത്തംകുമാർ. എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത്-വലത് മുന്നണികളുടെ കാലങ്ങളായുള്ള ന്യൂനപക്ഷ പ്രീണനം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ബിജെപി നിയമസഭാ കക്ഷി നേതാവായ ഗോപകുമാറിന് കഴിഞ്ഞു. മദനിയെ ആഗോള ഭീകരനെന്ന് നിയമസഭയിൽ വിശേഷിപ്പിക്കാൻ ഗോപകുമാറിന് മാത്രമാണ് ധൈര്യമുണ്ടായത്. ഇതോടെ ഇരുമുന്നണികൾക്കും വിറളിപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളും ഒത്തുകളി രാഷ്ട്രീയത്തിലൂടെ നടത്തുന്ന ജനവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടാൻ ഒരു ഗോപകുമാർ നിയമസഭയിലെത്തിയത് കാലം കാത്തുവെച്ച കാവ്യനീതിയാണ്. കോൺഗ്രസ്, സി.പി.എം മുന്നണികളുടെ കാപട്യം തുറന്നുകാട്ടുന്ന ബിജെപി എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ വരും നാളുകളിൽ ഇരുമുന്നണികൾക്കും പേടിസ്വപ്നമായിരിക്കുമെന്നും കെ.ബി. ഉത്തംകുമാർ വ്യക്തമാക്കി.