പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് രാജ്യത്ത് മിതവ്യയം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകൾ ശക്തമാകുന്നു. ഇന്ധന ഉപഭോഗവും സ്വർണവാങ്ങലും നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിൽ, വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിക്കണമെന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ജനങ്ങളിൽ ആശങ്ക ഉയരുന്നുണ്ടെന്ന് പവാർ പറഞ്ഞു. ഇത്തരത്തിലുള്ള നിർണായക വിഷയങ്ങളിൽ കേന്ദ്ര സർക്കാർ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ഒഴിവാക്കി സർക്കാർ കൂടുതൽ വ്യക്തത നൽകണമെന്നും പവാർ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരുടെയും വ്യവസായ മേഖലയിലെ പ്രതിനിധികളുടെയും അഭിപ്രായം സർക്കാർ തേടണം എന്നും പവാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന സൂചനയാണ് ഇത്തരം നിർദേശങ്ങളെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.