പൂനെ: പൂനെയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊങ്കൺ മേഖലയിൽ സംസ്ഥാന എക്സൈസ് വകുപ്പ് വ്യാപക റെയ്ഡ് നടത്തി. വ്യാജമദ്യ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് 213 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ 1.58 കോടി രൂപ വിലമതിക്കുന്ന വ്യാജമദ്യവും മറ്റ് അസംസ്‌കൃത വസ്തുക്കളും വാഹനങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
വ്യാജമദ്യ ലോബികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊങ്കൺ ഡിവിഷനിൽ മാത്രം 222 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൻതോതിൽ വ്യാജമദ്യ ശേഖരവും കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പിടികൂടിയത്.
വ്യാജമദ്യത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താനും വിതരണ ശൃംഖല പൂർണ്ണമായും തകർക്കാനുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമവിരുദ്ധമായി മദ്യം നിർമ്മിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.