മുംബൈ: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ മുംബൈയിലെ സ്വന്തം വസതിയായ ജൽസയ്ക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കാബിന് പിന്നിൽനിന്ന് ആരാധകരെ അഭിവാദ്യം ചെയ്ത സംഭവം വൻ രാഷ്ട്രീയ പോരിലേക്ക്. ഗാങ്സ്റ്റർ ഭീഷണിയെ തുടർന്നാണ് അമിതാഭ് ബച്ചന് ഇത്തരം ഒരു സുരക്ഷാ കവചത്തിന് പിന്നിൽ നിൽക്കേണ്ടി വന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്താണ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും ക്രമസമാധാന നിലയെയും രൂക്ഷമായി വിമർശിച്ചത്.
ഞായറാഴ്ച പതിവുള്ള ആരാധകക്കൂട്ടത്തെ അഭിവാദ്യം ചെയ്യാനാണ് അമിതാഭ് ബച്ചൻ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് കാബിനുള്ളിൽ നിന്നുകൊണ്ട് എത്തിയത്. വീടിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. എന്നാൽ, ‘ആംഗ്രി യങ് മാൻ’ എന്നറിയപ്പെട്ടിരുന്ന ബിഗ് ബിക്ക് ഇന്ന് ഗാങ്സ്റ്റർ ഭയം കാരണം ബുള്ളറ്റ് പ്രൂഫ് കാച്ചിന്റെ മറവിൽ നിൽക്കേണ്ടി വരുന്നത് രാജ്യത്തെ ക്രമസമാധാന തകർച്ചയുടെ തെളിവാണ് എന്ന് സച്ചിൻ സാവന്ത് ആരോപിച്ചു. ബോളിവുഡ് താരങ്ങൾക്കായി ‘നമോ ബോളിവുഡ് ജീവൻ സുരക്ഷാ യോജന’ പ്രഖ്യാപിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
ലക്ഷക്കണക്കിന് ആരാധകർ എത്തുന്ന ജൽസയ്ക്ക് മുന്നിലെ ബിഗ് ബിയുടെ ഈ വേറിട്ട പ്രകടനം സോഷ്യൽ മീഡിയയിലും വലിയ തോതിൽ വൈറലായിട്ടുണ്ട്. താരത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുമ്പോഴും, സംഭവത്തിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രസ്താവനകൾ വിഷയത്തിന്റെ വ്യാപ്തി കൂട്ടുകയാണ്.