ഇമ്രാൻ ഖാന് ആശ്വാസം: രാജ്യത്ത് തുടരാൻ ബോംബെ ഹൈക്കോടതി അനുമതി

by WhatsUp Mumbai

മുംബൈ : ബോംബെ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായതോടെ നടൻ ഇമ്രാൻ ഖാന് രാജ്യത്ത് തുടരാം. എന്നാൽ, പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്ക് ഇന്ത്യൻ പൗരന്മാർക്ക് സമാനമായ അവകാശങ്ങൾ ഉന്നയിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാനെതിരെ കോടതി വിമർശനമുന്നയിച്ചത്. ഔദ്യോഗികമായി നിപാതി പറഞ്ഞ താരം, ഭാവിയിൽ സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് ഇന്ത്യയിൽ തുടരാൻ കോടതി അനുമതി നൽകിയത്.

​യു.എസ് പൗരത്വവും ഒ.സി.ഐ (OCI) കാർഡും കൈവശമുള്ള ഇമ്രാൻ ഖാൻ, ഒക്ടോബർ 28-നകം രാജ്യം വിടാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നൽകിയ ‘ലീവ് ഇന്ത്യ നോട്ടീസ്’ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എം.സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.

ഒക്ടോബർ 10-ന് ആഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധത്തിനിടയിലാണ് ഇമ്രാൻ ഖാനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. ബി.ജെ.പി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ആർ.ആർ.ഒ (FRRO) നോട്ടീസ് അയച്ചത്. ഹർജി പരിഗണിച്ച കോടതി കേസ് ഡിസംബർ ഏഴിലേക്ക് മാറ്റിയിട്ടുണ്ട്.

You may also like