കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’; ബോസ്റ്റണിൽ നിന്നും ജൂൺ 6-ന് അഭിജീത് ദിപ്കെ ഡൽഹിയിലേക്ക്, ജന്തർ മന്ദിറിൽ വൻ പ്രതിഷേധം!

by WhatsUp Mumbai

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ വിവാദങ്ങളിൽ രാജ്യം പുകയുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ സോഷ്യൽ മീഡിയയിലെ തരംഗമായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നു. അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ജൂൺ 6-ന് ശനിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം അന്നുതന്നെ ജന്തർ മന്ദിറിൽ അഹിംസാത്മകമായ ജനകീയ പ്രതിഷേധത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചു.

നീറ്റ്, സിബിഎസ്ഇ, സിയുഇടി (CUET) ഉൾപ്പെടെയുള്ള പ്രമുഖ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ ഒരു കോടിയോളം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയെന്ന് അഭിജീത് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹർജിയിൽ ഇതിനകം എട്ട് ലക്ഷത്തിലധികം പേർ ഒപ്പുവെച്ചിട്ടുണ്ട്. ഇത്രയും വലിയ വീഴ്ച സംഭവിച്ചിട്ടും മന്ത്രി രാജിവെക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും, അമേരിക്കയിൽ ലഭിച്ച മികച്ച തൊഴിലവസരങ്ങൾ നിരസിച്ചാണ് താൻ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി രാജ്യത്തേക്ക് മടങ്ങുന്നതെന്നും ഇൻസ്റ്റഗ്രാമിലും എക്സിലും (X) പങ്കുവെച്ച വീഡിയോയിൽ അഭിജീത് വ്യക്തമാക്കി.

ഇന്ത്യയിലെത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ച് തന്നെ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ഭയമുണ്ടെന്ന് അഭിജീത് പറഞ്ഞു. എങ്കിലും രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ട്. ഗാന്ധിജിയുടെയും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും പാത പിന്തുടർന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അനുമതിക്കായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനെ സമീപിക്കുമെന്നും, വിദ്യാർത്ഥികളും യുവാക്കളും ജൂൺ 6-ന് ഡൽഹി എയർപോർട്ടിലെത്തി തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങളെ (വ്യാജ ബിരുദധാരികളെക്കുറിച്ചുള്ളത്) തുടർന്നാണ് സോഷ്യൽ മീഡിയയിൽ ഉപഹാസ രൂപേണ ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകൃതമാകുന്നത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ യുവാക്കളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും വലിയൊരു നിര തന്നെ ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തനിക്കെതിരെയും കുടുംബത്തിനെതിരെയും നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്നും, എന്നാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി ഭയമില്ലാതെ മുന്നോട്ട് പോകുമെന്നും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഈ മുപ്പതുകാരൻ കൂട്ടിച്ചേർത്തു.

You may also like