മുംബൈ: കൊടുംചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് കുളിർമ്മയേകാൻ വമ്പൻ ഹരിതപദ്ധതിയുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (MSRTC). വരും തലമുറയ്ക്കായി പച്ചപ്പുതപ്പ് നെയ്യാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള ബസ് ഡിപ്പോകളിലും സ്റ്റാൻഡുകളിലും ഓഫീസുകളിലുമായി 78,000 തൈകൾ നട്ടുപിടിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ അന്തരീക്ഷ താപനില കുറയ്ക്കാനും യാത്രാക്കാർക്ക് തണലൊരുക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ 250 ബസ് ഡിപ്പോകൾ, 580 ബസ് സ്റ്റാൻഡുകൾ, വിവിധ ഡിവിഷണൽ ഓഫീസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിലെ ഒഴിവുള്ള സ്ഥലങ്ങളിലാണ് തൈകൾ നടുന്നത്. കേവലം തൈകൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവ കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കോർപ്പറേഷൻ വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഡിപ്പോയിലെയും സുരക്ഷാ ജീവനക്കാർക്കും മറ്റ് ജീവനക്കാർക്കുമായിരിക്കും ഈ മരങ്ങളുടെ പരിചരണ ചുമതല. തൈകൾ നശിച്ചുപോകാതെ വളർത്തിയെടുക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.
പ്രാദേശികമായ ഭൂപ്രകൃതിക്ക് അനുയോജ്യമായതും വേഗത്തിൽ വളരുന്നതുമായ തണൽമരങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രക്കാർക്ക് തണൽ നൽകുന്നതിനൊപ്പം ബസ് സ്റ്റാൻഡുകളിലെ വായു ഗുണനിലവാരം ഉയർത്താനും ഇത് സഹായിക്കും. കടുത്ത വേനലിൽ കോൺക്രീറ്റ് കാടുകളായി മാറുന്ന ബസ് ടെർമിനലുകളെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള എംഎസ്ആർടിസിയുടെ ഈ ഹരിത വിപ്ലവത്തിന് സോഷ്യൽ മീഡിയയിലടക്കം വലിയ പിന്തുണയാണ് ഇതിനകം ലഭിക്കുന്നത്.