മുംബൈ :അവകാശപ്പോരാട്ടത്തിനനായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഇളക്കിമറിച്ച് തൊഴിലാളി മഹാസംഗമം. സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ (സിഐടിയു) നേതൃത്വത്തിൽ മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനത്ത് മൂന്നു ദിവസത്തെ സംസ്ഥാനതല പ്രക്ഷോഭത്തിന് തുടക്കമായി. മഹാരാഷ്ട്രയുടെ വിവിധ കോണുകളിൽ നിന്നൊഴുകിയെത്തിയ മുപ്പതിനായിരത്തിലധികം തൊഴിലാളികളാണ് ആദ്യദിനം തന്നെ മുംബൈ നഗരത്തെ ചുവപ്പ് കടലാക്കി മാറ്റിയത്.
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക, പ്രതിമാസ കുറഞ്ഞ വേതനം 30,000 രൂപയായി നിശ്ചയിക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ടുവെക്കുന്നു.
വ്യവസായ തൊഴിലാളികൾ, കരാർ ജീവനക്കാർ എന്നിവർക്കൊപ്പം ആശാ-അങ്കണവാടി പ്രവർത്തകർ, നിർമാണ തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, തെരുവ് കച്ചവടക്കാർ തുടങ്ങിയ വലിയൊരു ജനവിഭാഗം പ്രക്ഷോഭത്തിൽ അണിനിരക്കുന്നുണ്ട്. പ്ലക്കാർഡുകളും ബാനറുകളുമേന്തി മുദ്രാവാക്യങ്ങൾ മുഴക്കി സ്ത്രീ തൊഴിലാളികളടക്കമുള്ള വൻ ജനവലിയാണ് ആസാദ് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ മറാഠാ സംവരണ പ്രക്ഷോഭവും ശക്തമായി തുടരുകയാണ്. സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് പ്രക്ഷോഭകനായ മനോജ് ജാരങ്കെ ജാൽന ജില്ലയിലെ അന്തർവാലി സരതി ഗ്രാമത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കടുത്ത ചൂടിനെ അവഗണിച്ചാണ് തുറസായ സ്ഥലത്ത് അദ്ദേഹം സമരം തുടരുന്നത്.
മറാഠാ സമുദായത്തിന് ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തി കുൻബി ജാതി സർട്ടിഫിക്കറ്റ് നൽകുക, ഹൈദരാബാദ്-സത്താറ ഗസറ്റ് രേഖകൾ നടപ്പിലാക്കുക, മുൻ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒബിസി മന്ത്രാലയത്തിന്റെ മാതൃകയിൽ മറാഠാ സമുദായത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും മനോജ് ജാരങ്കെ ആവശ്യപ്പെട്ടിട്ടുണ്ട്.