മതസ്വാതന്ത്ര്യ നിയമ ദുരുപയോഗവും എഫ്.സി.ആർ.എ പ്രശ്നങ്ങളും ഉന്നയിച്ച് ക്രൈസ്തവ പ്രതിനിധി സംഘം; പിന്തുണ ഉറപ്പുനൽകി കോൺഗ്രസ് നേതൃത്വം

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും പാസ്റ്റർമാരും അടങ്ങുന്ന പ്രതിനിധി സംഘം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) പ്രസിഡന്റ് ഹർഷവർധൻ സക്പാലുമായും എം.പി.സി.സി ജനറൽ സെക്രട്ടറി ജോജോ തോമസുമായും മുംബൈ തിലക് ഭവനിൽ കൂടിക്കാഴ്ച നടത്തി. യോഗത്തിന് നേതൃത്വം നൽകിയ ജോജോ തോമസ് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ചകൾ ഏകോപിപ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ പുതിയ മതസ്വാതന്ത്ര്യ നിയമം, എഫ്.സി.ആർ.എ (FCRA) വ്യവസ്ഥകളുടെ പ്രയോഗം, ന്യൂനപക്ഷ അവകാശങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, അന്തർമത വിവാഹം, ക്രൈസ്തവ സ്ഥാപനങ്ങളുടെ സുരക്ഷ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ സംഘം, നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് വ്യക്തികളെയും സ്ഥാപനങ്ങളെയും വേട്ടയാടരുതെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യക്ഷേമം എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എഫ്.സി.ആർ.എ നിയന്ത്രണങ്ങൾ തടസ്സമാകരുതെന്നും അവർ ചൂണ്ടിക്കാട്ടി.

നിയമങ്ങൾ വേട്ടയാടാനുള്ള ആയുധമാകരുതെന്നും ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും എം.പി.സി.സി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. മതേതരത്വവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് എം.പി.സി.സി അധ്യക്ഷൻ ഹർഷവർധൻ സക്പാൽ ഉറപ്പുനൽകി.

​ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ (AICA), സി.എൻ.ഐ (CNI), ബി.സി.എസ്–മുംബൈ കാത്തലിക് സഭ, ന്യൂ ലൈഫ്, ബ്രദറൻ ചർച്ച് തുടങ്ങി നിരവധി സംഘടനകളിലെ ഭാരവാഹികളും പൂനെ, മുംബൈ, വസായ്, നവി മുംബൈ, കല്യാൺ-ഡോംബിവ്ലി, അംബർനാഥ്, ഉൽവെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് സിന്ധ്യ ഗോഡ്കെ, നെല്ലൻ ജോയി, ജോസഫ് ലോപ്പസ്, ആസാദ് ഡിസൂസ, പ്രിയ ഡാനിയൽ, അഡ്വ. സ്റ്റീഫൻ എസ്. ഗോഡ്കെ, ഇസഹാക്ക് ലോപ്പസ്, പാസ്‌ക്കൽ ഡാബറെ, എഡ്വേർഡ് ജെ. പോൾ, തോമസ് സിൽവെയ്‌റ, ജോസ് ജെയിംസ്, വിക്കി ജയ്‌സ്വാൾ, സഞ്ജയ് ശേഖർ, പ്രഭ ആന്റണി, രാജ് നാടാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

You may also like