നവിമുംബൈ : ഉഡുപ്പി പുത്തിഗെ മഠാധിപതി ശ്രീ ശ്രീ സുഗുണീന്ദ്ര തീർത്ഥ സ്വാമികൾ വാഷി സെക്ടർ 29-ൽ ഉള്ള വാഷി വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ആഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയാണ് സ്വാമികൾ ക്ഷേത്രത്തിൽ എത്തിയത്.
സെക്ടർ 12-ലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് സ്വാമികൾ വാഷി വൈകുണ്ഠത്തിൽ എത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് പൂർണ്ണകുംഭത്തോടെയുള്ള വമ്പൻ സ്വീകരണമാണ് ക്ഷേത്രക്കമ്മിറ്റി ഒരുക്കിയത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് പി. കെ. നാരായണൻ, വൈസ് പ്രസിഡന്റ് സോമൻ നായർ, സെക്രട്ടറി കെ മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.
സ്വാമികളുടെ സന്ദർശനത്തോട് അനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തുടർന്ന് നടന്ന ചടങ്ങിൽ സമയലഭ്യത അനുസരിച്ച് ഭക്തർക്കായി സ്വാമികൾ അനുഗ്രഹ പ്രഭാഷണവും (പ്രവചനം) നടത്തി. സന്ദർശന വിവരമറിഞ്ഞ് നിരവധി ആളുകളാണ് പ്രഭാഷണം ശ്രവിക്കാനും ദർശനത്തിനുമായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
