മുംബൈ: മാട്ടുംഗ കേരള ഭവന്റെ രണ്ടാം നിലയിൽ അത്യന്താധുനിക രീതിയിൽ നവീകരിച്ച ബോംബെ കേരളീയ സമാജത്തിന്റെ ആയുർവേദ പഞ്ചകർമ്മ തെറാപ്പി സെൻ്റർ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗാ ദിനാചരണവും ജൂൺ 21 ഞായറാഴ്ച പ്രൗഢമായ ചടങ്ങുകളോടെ നടന്നു.

വൈകുന്നേരം 5 മണിക്ക് നവതി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച യോഗാദിനാചരണത്തിൽ സമാജം യോഗ വിദ്യാർത്ഥികളുടെ ആകർഷകമായ യോഗാ പ്രദർശനവും യോഗാ പരിശീലനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു. സമാജം യോഗാ പരിശീലക ഡോ. വർഷ മണിയാർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രശസ്ത യോഗാ പ്രഭാഷകയും മെഡിറ്റേഷൻ എക്സ്പർട്ടുമായ ഡോ. പൂർവി കേതൻ ഷാ മുഖ്യപ്രഭാഷണം നടത്തുകയും, അവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. സമാജം ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക തെറാപ്പി സെൻ്റർ യാഥാർത്ഥ്യമായി
തുടർന്ന് വൈകുന്നേരം 6.30-നാണ് നവീകരിച്ച ആയുർവേദ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നത്. ബാന്ദ്ര ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്രയിലെ ഡോ. വിനായക് വിത്തൽ തായഡെ ഭദ്രദീപം കൊളുത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമാജത്തിന്റെ മുൻകാല ഭാരവാഹികളും നിലവിലെ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും സ്റ്റാഫും ചേർന്ന് നിലവിളക്കിൽ തിരികൾ തെളിയിച്ചു.

സമാജം പ്രസിഡണ്ട് ഡോ. എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതവും ട്രഷറർ എം.വി. രവി നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, സമാജം ആയുർവേദ ഇൻ ചാർജ് വിനോദ് കുമാർ നായർ, സമാജം സീനിയർ ഫിസിഷ്യൻ ഡോ. റാണി അയ്യർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജ്യോതിർമയി, മധു നമ്പ്യാർ, രൂബെൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സമാജത്തിൻ്റെ മുൻകാല ഭാരവാഹികളടക്കം സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദിത്യ ജ്യോത് ഹോസ്പിറ്റൽ, വൈദ്യരത്നം ഔഷധാലയം എന്നിവരുടെ ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
