തിരുവനന്തപുരം: വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങ് കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ ഒരു പുതുസംസ്‌കാരത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് പ്രശസ്ത നടി മാലാ പാർവതി. പരമ്പരാഗതമായ രാഷ്ട്രീയ ചേരിതിരിവുകൾക്കപ്പുറം പ്രതിപക്ഷ നേതാക്കൾക്ക് വേദിയിൽ ആദരവോടെ ഇരിപ്പിടം നൽകിയ ചടങ്ങ് വലിയൊരു മാറ്റത്തിന്റെ സൂചനയാണെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ പുതിയ തുടക്കത്തെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നതായും മാലാ പാർവതി വ്യക്തമാക്കി.
കോൺഗ്രസും യു.ഡി.എഫും മാത്രമല്ല, താൻ നയിക്കുന്നത് “ടീം കേരളത്തെ” യാണെന്ന് പറയാതെ പറയുന്നതായിരുന്നു വി.ഡി സതീശന്റെ നിലപാടെന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയൻ, ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത് അത്യപൂർവ്വമായ ഒരു കാഴ്ചയായി. കേരളത്തിന് ഒരു പുതു സംസ്‌കാരം, പുതു ശീലം നൽകിയിരിക്കുകയാണ് ഈ ചടങ്ങ്.” – മാലാ പാർവതി കുറിച്ചു.
വി.ഡി സതീശന്റെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച നടി, ഈ ‘ടീം കേരളം’ എന്ന ആശയം ഇന്ത്യയ്ക്ക് തന്നെ മാതൃകയാകട്ടെ എന്നും ആശംസിച്ചു.
രാഷ്ട്രീയത്തിലെ പരമ്പരാഗത ശൈലികളിൽ നിന്നുള്ള ഈ മാറ്റത്തെയും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള മാലാ പാർവതിയുടെ കുറിപ്പ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്.