ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുക എന്ന മഹത്തായ ലക്ഷ്യത്തോടെ AIKMCC നാഷണൽ കമ്മിറ്റി വിഭാവനം ചെയ്ത “ഒപ്പം” സോഷ്യൽ സെക്യൂരിറ്റി സ്കീം മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി. ദിവസങ്ങൾക്ക് മുൻപ് നമ്മോട് വിടപറഞ്ഞ മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകൻ അബ്ദുൽ ഹമീദിന്റെ കുടുംബത്തിനാണ് 5 ലക്ഷം രൂപയുടെ സഹായധനം അനുവദിച്ചത്.
സഹായധനത്തിന്റെ ചെക്ക്, ബംഗളൂരുവിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, AIKMCC മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂർക്ക് കൈമാറി. പ്രയാസങ്ങൾക്കിടയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം മാത്രമല്ല, “നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്” എന്ന ആത്മവിശ്വാസം നൽകുക എന്നതാണ് “ഒപ്പം” പദ്ധതിയുടെ ഏറ്റവും വലിയ സന്ദേശം. സന്തോഷത്തിന്റെ വേദിയിൽ, മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാനുള്ള കരുതലായി കൈമാറിയ ഈ സഹായം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മനോഹരമായ മാതൃകയായി മാറി.
ചടങ്ങിൽ കർണാടക മന്ത്രി റിസ്വാൻ അർഷാദ്, എൻ. എ. ഹാരിസ് എം.എൽ.എ, “ഒപ്പം” സ്കീം ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഒപ്പം സ്കീം ജനറൽ സെക്രട്ടറി ഡോ. അമീറലി, മുസ്ലിം ലീഗ് ദേശീയ ഭാരവാഹി സിറാജ് സേട്ട്, മലബാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എൻ. എ. മഹമൂദ്, കോൺഗ്രസ് നേതാവ് ബാവ, ബ്ലാത്തൂർ അബൂബക്കർ ഹാജി, AIKMCC ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി, AIKMCC ദേശീയ ജനറൽ സെക്രട്ടറി എം. കെ. നൗഷാദ്, എഐകെഎംസിസി ദേശീയ സെക്രട്ടറി നാസർ നിലസന്ദ്ര, എഐകെഎംസിസി ബാംഗ്ളൂർ പ്രസിഡന്റ് ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രയാസപ്പെടുന്നവരുടെ കണ്ണീരിൽ പ്രതീക്ഷയുടെ വെളിച്ചം പകരുകയും വേദനിക്കുന്നവരുടെ കൂടെ നിൽക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പ്രവർത്തിക്കുന്നത്. മനുഷ്യസ്നേഹത്തിന്റെ ഈ കരുതൽ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള വലിയ ദൗത്യവുമായി “ഒപ്പം” സോഷ്യൽ സെക്യൂരിറ്റി സ്കീം മുന്നോട്ട് പോകുകയാണ്.