മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികൾ ഈ നാടിന്റെ അവിഭാജ്യഘടകമാണെന്നും ഇവിടുത്തെ വികസനം തങ്ങളുടെ സ്വന്തം വികസനമായി കണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൺ മാനവ് സേവാ സംഘ് ഹാളിൽ നടന്ന ചടങ്ങിൽ, 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഓരോ പൗരനും സ്വന്തം സംഭാവന എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. വികസിത ഭാരതം എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം സ്വപ്നമല്ല, ഓരോ ഭാരതീയന്റെയും സ്വപ്നമായിരിക്കണം. വികസിത ഭാരതത്തിലേക്കുള്ള വഴി വികസിത മഹാരാഷ്ട്രയിലൂടെയാണ് കടന്നുപോകുന്നത്. കർമ്മഭൂമിയെ ജന്മഭൂമിയായി കണ്ട് പ്രവർത്തിക്കാനും അതുവഴി ഭാരതത്തിന് വികസനത്തിന്റെ പുതിയ ചക്രവാളം തീർക്കാനും മലയാളി സമൂഹം മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഓണം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ദേശീയ ഐക്യത്തിന്റെ മാതൃകയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. മഹാബലിയുടെ സ്മരണയിലൂടെ സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. മഴവില്ലിലെ വ്യത്യസ്ത നിറങ്ങൾ ഒന്നുചേർന്ന് മനോഹരമായ ദൃശ്യമാകുന്നതുപോലെ ഭാരതത്തിന്റെ വൈവിധ്യവും ഐക്യവുമാണ് രാജ്യത്തിന്റെ വലിയ ശക്തി. “ഭാരതം എപ്പോഴൊക്കെ ഒന്നായിട്ടുണ്ടോ, അപ്പോഴൊക്കെ ഭാരതം ശ്രേഷ്ഠമായിട്ടുണ്ട്” എന്ന ചരിത്രപാഠം ഉൾക്കൊണ്ട്, പ്രധാനമന്ത്രി മുന്നോട്ടുവച്ച ‘ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയം ജീവിതത്തിൽ പ്രാവർത്തികമാക്കണം. കേരളത്തിൽനിന്ന് മഹാരാഷ്ട്രയിലെത്തിയവർ വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

ആത്മനിർഭര ഭാരതം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ‘വോക്കൽ ഫോർ ലോക്കൽ’ മുദ്രാവാക്യത്തിൽ ഒതുങ്ങാതെ ഭാരതത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പരമാവധി മുൻഗണന നൽകണം. വാച്ച്, പേന, കണ്ണട, വസ്ത്രം, ചെരുപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ശീലം വളർത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താനുള്ള വ്യക്തിഗത സംഭാവനയാണെന്നും ഗവർണർ വ്യക്തമാക്കി.

ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടായ കേരളത്തിന്റെ മഹത്തായ ആത്മീയ-സാംസ്കാരിക പൈതൃകം ലോകത്തിന് പരിചയപ്പെടുത്തേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കണം. ഇതിനൊപ്പം ഗോശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ സാമൂഹിക സേവന സംവിധാനങ്ങൾ ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സമൂഹത്തിൽനിന്ന് ലഭിക്കുന്ന വിഭവങ്ങൾ സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കുകയാണ് ക്ഷേത്രങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വലിയ ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ കേരളം പുലർത്തുന്ന അച്ചടക്കവും മാതൃകാപരമാണ്.

സമാജം പ്രസിഡണ്ട് ഡോ. എസ്. രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ. സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, ട്രഷറർ എം.വി. രവി എന്നിവരും വേദി പങ്കിട്ടു. സമാജം ഭാരവാഹികൾ ഗവർണ്ണർക്ക് പൊന്നാടയും ഫലകവും ഓണക്കോടിയും നൽകി ആദരിച്ചു.

സമാജത്തിന്റെ മുൻ പ്രസിഡണ്ട് ഡോ. സുരേഷ് കുമാർ മധുസൂദനനെയും മുൻ ട്രഷറർ എ.കെ. വിജയൻ നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു. ഉന്നത വിജയം നേടിയ സമാജത്തിലെ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

പൻവൽ നാട്യാജ്ഞലി ആർട്സിന്റെ നൃത്തശിൽപ്പങ്ങളും സമാജം നൃത്ത-കഥക്-സംഗീത വേദികളിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മിഴിവേകി. ഭരണസമിതി അംഗങ്ങളും വനിതാവേദി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ശ്യാം സീവുഡ് അവതരണവും മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ സാങ്കേതിക സഹായവും നിർവ്വഹിച്ചു. ചടങ്ങിനുശേഷം കേരള ഭവനം സന്ദർശിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രവർത്തകരുമായി ആശയവിനിമയം നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ സമാപിച്ചത്.