മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) ബുക്കിംഗ് ഹാളിന്റെ പ്രവേശന കവാടത്തിന് സമീപം മേൽക്കൂരയുടെ ഭാഗം തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 10.05ഓടെയാണ് സംഭവം. റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (RLDA) നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളുമായി ബന്ധപ്പെട്ടുള്ളതാണ് തകർന്ന ഭാഗമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽ പരിക്കേറ്റവരെ വിനായക് ബാലു ഹട്കർ (28), അയാൻ നൗഷാദ് മത്വങ്കർ (24) എന്നിങ്ങനെ തിരിച്ചറിഞ്ഞു. ഇരുവരെയും ഉടൻ തന്നെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനായക് ബാലു ഹട്കറിന്റെ തലയുടെ വലതുവശത്ത് 3-4 സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ടാവുകയും അവിടെ തുന്നലിടുകയും ചെയ്തു. അയാൻ നൗഷാദ് മത്വങ്കറിന്റെ ഇടത് മുകളിലെ കണ്പോളയിൽ മുറിവും, വലത് തോളിന്റെ ഭാഗത്തും കഴുത്തിലും പോറലുകളും, വലത് കണങ്കാലിൽ വേദനയും നീർവീക്കവും ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ മേൽക്കൂര തകർന്നുവീഴാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.