നഗ്നയായി വീഡിയോ കോൾ ചെയ്ത് ഭീഷണി; 61 കാരനിൽ നിന്ന് 4 കോടി തട്ടിയ യുവതി ഘാട്കോപ്പറിൽ പിടിയിൽ

by WhatsUp Mumbai

മുംബൈ: നഗ്നയായി വിഡിയോ കോൾ ചെയ്ത് റെക്കോർഡ് ചെയ്ത ശേഷം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 61 വയസ്സുകാരനിൽ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. ഘാട്കോപ്പർ വെസ്റ്റിലെ എൽബിഎസ് റോഡിലുള്ള രാധാകൃഷ്ണ ഹോട്ടലിന് സമീപം വച്ച് 5 ലക്ഷം രൂപയുടെ അടുത്ത ഗഡു വാങ്ങുന്നതിനിടെയാണ് യുവതിയെ പൊലീസ് തന്ത്രപരമായി കുടുക്കിയത്.

ഘട്കോപ്പർ ഈസ്റ്റിലെ പന്ത് നഗർ സ്വദേശിയും കുർള വെസ്റ്റിലെ സ്വർണ്ണക്കടയിൽ മാനേജരുമായിരുന്ന വ്യക്തിയാണ്‌ തട്ടിപ്പിനിരയായത്. 2010 മുതൽ 2026 ഓഗസ്റ്റ് 14 വരെയാണ് ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. 2020-ൽ യുവതി അടുത്ത ബന്ധുവിനൊപ്പം  കടയിൽ സ്വർണം വാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.പിന്നീട് യുവതി തനിച്ചും കടയിൽ വരുമായിരുന്നു. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറുകയും ബന്ധം തുടരുകയും ചെയ്തു.

സൗഹൃദം വളർത്തിയെടുത്ത യുവതി , സാമ്പത്തിക സഹായം ആവശ്യപ്പെട്ട് 2024 മാർച്ചിനും ഡിസംബറിനുമിടയിൽ പലപ്പോഴായി 10 ലക്ഷത്തോളം രൂപ വായ്പയായി വാങ്ങി. എന്നാൽ 2024 ഡിസംബറിനും 2025 ജനുവരിക്കുമിടയിൽ ഇയാൾ ജോലിസ്ഥലത്തായിരിക്കുമ്പോൾ  വാട്സാപ് വിഡിയോ കോൾ ചെയ്യുകയും പൂർണ്ണമായി നഗ്നയായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇയാൾ ഇത് ചോദ്യം ചെയ്തെങ്കിലും ചിരിച്ചുകൊണ്ട് സംഭാഷണം തുടരാനാണ് യുവതി ശ്രമിച്ചത്. തുടർന്ന് ഇയാൾ കോൾ വിച്ഛേദിക്കുകയും യുവതിയുടെ കോളുകൾ ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇത്തരം കോളുകൾ ചെയ്യരുതെന്ന് മുന്നറിയിപ്പും നൽകി.

ഒരു മാസത്തിനു ശേഷം, വിഡിയോ കോളിന്റെ റെക്കോർഡിങ് ചെന്നൈ പൊലീസിന്റെ പക്കൽ എത്തിയെന്നും 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും  ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്ന ഇയാൾ സ്വർണ്ണക്കടയിലെ ആഭരണങ്ങൾ ഉരുക്കി വിറ്റ് 3 ലക്ഷം രൂപയും കൗണ്ടറിൽ നിന്ന് 3 ലക്ഷം രൂപയും എടുത്ത് ആകെ 6 ലക്ഷം രൂപ കുർള വെസ്റ്റിലെ സ്റ്റേഷൻ റോഡിന് സമീപം വച്ച്  കൈമാറി. തുടർന്ന് യുവതി ചെന്നൈയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

പിന്നീട് വിഡിയോ ഡിലീറ്റ് ചെയ്യാനും അധികൃതർക്ക് പണം നൽകാനുമെന്ന പേരിൽ ഭീഷണി തുടർന്ന യുവതിയിൽ നിന്ന് രക്ഷപ്പെടാൻ കാലക്രമേണ നാല് കോടിയോളം രൂപ ഇയാൾക്ക് നൽകേണ്ടി വന്നു. 2026 ഓഗസ്റ്റ് 10-ന് കുർള വെസ്റ്റിലെ ന്യൂ മിൽ റോഡിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഇനി പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ യുവതി ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.

സഹികെട്ട് ഇയാൾ ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഒക്ടോബർ 18-ന് മുംബൈ ക്രൈംബ്രാഞ്ച് ഘാട്കോപ്പർ യൂണിറ്റ് 7 ഓഫീസിൽ സീനിയർ പൊലീസ് ഇൻസ്പെക്ടർ അനിൽ ധോലെയ്ക്ക് മുന്നിൽ മൊഴി നൽകുന്നതിനിടയിലും യുവതി പണം ആവശ്യപ്പെട്ട് വീണ്ടും വിളിച്ചുകൊണ്ടിരുന്നു.

തുടർന്ന് പൊലീസ് ഒരുക്കിയ ചതിക്കുഴിയിലാണ് തട്ടിപ്പുകാരി വീണത്. 500 രൂപയുടെ 20 യഥാർത്ഥ നോട്ടുകളും 500 രൂപയുടെ 980 വ്യാജ നോട്ടുകളും ഉൾപ്പെടുത്തി 5 ലക്ഷം രൂപയുടെ കെട്ടാണ് പൊലീസ് തയാറാക്കിയത്. ഒക്ടോബർ 18-ന് ഉച്ചയ്ക്ക് 1.30-ഓടെ രാധാകൃഷ്ണ ഹോട്ടലിന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്ന് ഈ പണം വാങ്ങുന്നതിനിടെ പൊലീസ് സംഘം യുവതിയെ കൈയോടെ പിടികൂടി.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 308(2), 308(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

You may also like