ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ഗോവയിലെ ‘മീഡിയ മാസ്റ്റർ പ്ലാൻ’ ഏകോപിപ്പിക്കാൻ അഡ്വ. മാത്യു ആന്റണി

by WhatsUp Mumbai

മുംബൈ : വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മാധ്യമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) പുതിയ ഭാരവാഹികളെ നിയമിച്ചു. എഐസിസി മീഡിയ & പബ്ലിസിറ്റി വിഭാഗം ചെയർമാനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ പവൻ ഖേരയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

ദേശീയ മീഡിയ കോഓർഡിനേറ്ററായി എഐസിസി ജോയിന്റ് സെക്രട്ടറിയും പാർട്ടിയുടെ ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്റണിയെയാണ് ചുമതലപ്പെടുത്തിയത്. ഇതോടൊപ്പം മൃണാൾ ഹെബ്ബാൾക്കർ, നിശാന്ത് ആനന്ദ്, അലി മെഹ്ദി എന്നിവരെ കോഓർഡിനേറ്റർമാരായും നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും മാധ്യമ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് പുതുതായി ചുമതലയേറ്റവർ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി (PCC) ചേർന്ന് പ്രവർത്തിക്കും. സെപ്റ്റംബർ 14-നാണ് എഐസിസി ഓഫീസ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ദേശീയ തലത്തിൽ പാർട്ടിയുടെ ശക്തമായ ശബ്ദമായ അഡ്വ. മാത്യു ആന്റണി എഐസിസി ജോയിന്റ് സെക്രട്ടറിയായും ദേശീയ വക്താവായും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മലയാളി നേതാവ്, കേരളത്തിലും മഹാരാഷ്ട്രയിലുമടക്കം സംഘടനാതലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച രാഷ്ട്രീയ സംഘാടകനും കാര്യക്ഷമതയുള്ള വക്താവുമായ അദ്ദേഹത്തിന്റെ നേതൃപാടവം ഗോവയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വലിയ ഊർജ്ജമാകും.

മാധ്യമ വിഭാഗത്തിന്റെ പ്രധാന ചുമതല ലഭിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനും ഗോവ കോൺഗ്രസ് ഘടകത്തിനും അഡ്വ. മാത്യു ആന്റണി നന്ദി രേഖപ്പെടുത്തി. കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

​”എന്നെ വിശ്വസിച്ച് ഇത്തരം വെല്ലുവിളികൾ നിറഞ്ഞ ഉത്തരവാദിത്തങ്ങൾ വീണ്ടും ഏൽപ്പിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർക്കും മുഴുവൻ ടീമിനും പ്രത്യേക നന്ദി. വലിയൊരു കൂട്ടായ്മയുടെ പ്രവർത്തനമാണ് ഇനി നമ്മെ കാത്തിരിക്കുന്നത്. ജനവിശ്വാസം വീണ്ടെടുത്ത് കോൺഗ്രസിനെ ഭരണത്തിൽ തിരിച്ചെത്തിക്കാനും ഗോവയുടെ പഴയകാല പ്രതാപം പുനഃസ്ഥാപിക്കാനും നാമെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കും. അവിടെയുള്ള മികച്ച കഴിവുള്ള വ്യക്തികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്. ദൈവാനുഗ്രഹവും മാർഗ്ഗദർശനവും നമ്മുടെ ഈ യാത്രയിൽ ഒപ്പമുണ്ടാകട്ടെ.”
അദ്ദേഹം പറഞ്ഞു.

You may also like