മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, ശാഖായോഗം, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന 172-ാമത് ശ്രീനാരായണ ഗുരുജയന്തി-ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 12, ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്സിൽ വെച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. ഗുരുദേവന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന മഹത് സന്ദേശം അന്വർത്ഥമാക്കിക്കൊണ്ട് ഹിന്ദു, ഇസ്ലാം, ക്രിസ്തുമത വിശ്വാസികൾ വേദി പങ്കിടുന്നു എന്നതും ഈ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
വനിതാ-ശിശുവികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേന്ദ്ര നൂതന-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്, മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക്, കേരളത്തിന്റെ സഹകരണ-എക്സൈസ് മന്ത്രി എം. ലിജു എന്നിവർ മുഖ്യാതിഥികളാകും. മുംബൈ സൗത്ത് സെൻട്രൽ ലോക്സഭാംഗം അനിൽ ദേശായി, മുൻ എം.പി. സഞ്ജീവ് നായിക്, മുൻ എം.എൽ.എ സന്ദീപ് നായിക്, നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ ലീഡർ ഓഫ് ഹൗസ് സാഗർ നായിക്, അക്ബർ ട്രാവെൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. അബ്ദുൾ നാസർ, നെരൂൾ ലിറ്റിൽ ഫ്ലവർ ചർച്ചിലെ ഫാദർ ജോജു അറക്കൽ, നെരൂൾ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അവ്യയാമൃത ചൈതന്യ എന്നിവർ വിശിഷ്ട അതിഥികളായി പങ്കുചേരും.
ശിവഗിരി മഠം മുൻ പ്രസിഡന്റും ചേവണ്ണൂൽ കളരി സെക്രട്ടറിയുമായ പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നൽകും. എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിൽ അംഗവുമായ പി.റ്റി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ കൃതജ്ഞതയും പറയും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബാലേഷ് ബാലപ്പൻ, കൗൺസിൽ അംഗം പി.കെ. ബാലകൃഷ്ണൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.കെ. ഉത്തമൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വൈദിക സമിതി സെക്രട്ടറി എ.വി. സുനിൽ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.ആർ. ശശിധരൻ, രാധിക ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിക്കും.
ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയും അധ്യാപികയുമായ നിർമല മോഹന് യൂണിയന്റെ “ഗുരു ചൈതന്യ” അവാർഡ് ചടങ്ങിൽ വെച്ച് സമ്മാനിക്കും. കൂടാതെ സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ, കെയർ 4 മുംബൈ പ്രസിഡന്റും സീസാഗ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ. നവാസ്, ഹോട്ടൽ റോയൽ റസോയിയുടെ സ്ഥാപകനും കേശവ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ. മുരളീധരൻ, ഐ റ്റി എൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ & ചെയർമാൻ പി.എ. അബൂബക്കർ, എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മെരിഡിയൻ പ്ലേസ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.പി. വിജയൻ, ചലച്ചിത്ര നിർമ്മാതാവും വുഡ് ആപ്പിൾ മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുരളി മട്ടുമ്മൽ എന്നിവരെ ആദരിക്കും. SSC, HSC പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകും.
തുടർന്ന് ശാഖാ അംഗങ്ങളുടെ കലാപരിപാടികൾക്കൊപ്പം കലാഭവൻ ജയൻ, കലാഭവൻ ഉദ്ധേഷ്, നവീൻ പാലക്കാട്, ജിനു തൊടുപുഴ, വിജേഷ് പെരുംകുടി എന്നിവരുടെ വിവിധ കലാപരിപാടികളും വേദിയിലെത്തും. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ചതയ-ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ അറിയിച്ചു