മുംബൈയിൽ സീരിയൽ ക്യാറ്റ് കില്ലർ; 6 പൂച്ചകളെ കൊന്നു തള്ളി: പ്രതിയെ കാട്ടിത്തന്നാൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പെറ്റ

by WhatsUp Mumbai

മുംബൈ: തെരുവ് പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തുന്ന ‘സീരിയൽ ക്യാറ്റ് കില്ലർ’ക്കായി തെരച്ചിൽ ഊർജിതമാക്കി മുംബൈ പോലീസ്. ഗോവണ്ടിയിലെ പാഞ്ജരാപോൾ പ്രദേശത്ത് ആറ് പൂച്ചകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൃഗസ്നേഹികളുടെ സംഘടനയായ ‘പെറ്റ’ (PETA India) 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പ്രദേശത്തെ മൃഗസ്നേഹിയും ജീവകാരുണ്യ പ്രവർത്തകയുമായ റുബീന പത്താൻ (53) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.സി.എഫ് (RCF) പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മണിയോടെ ഗോവണ്ടിയിലെ കാമ വാടി പ്രദേശത്ത് ഒരു പൂച്ചക്കുട്ടി ഉൾപ്പെടെ രണ്ട് പൂച്ചകളെ ചത്ത നിലയിൽ റുബീന കണ്ടെത്തുകയായിരുന്നു. ഇതിൽ ഒരു പൂച്ചയുടെ തലയ്ക്ക് കനത്ത ആഘാതമേറ്റ നിലയിലായിരുന്നു.
ഇതിനു രണ്ടു ദിവസം മുമ്പ്, അതായത് സെപ്റ്റംബർ 3-നും ഇതേ പ്രദേശത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ നാല് പൂച്ചകളെ താൻ കണ്ടെത്തിയിരുന്നതായി റുബീന നൽകിയ പരാതിയിൽ പറയുന്നു. ഇവയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇവർ പോലീസിന് കൈമാറി. തുടർന്ന് പെറ്റ ഇന്ത്യയുടെ നിർദേശപ്രകാരം പൂച്ചകളുടെ മൃതദേഹങ്ങൾ പരേലിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 325-ാം വകുപ്പും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളെ കൊല്ലുകയോ വൈകല്യം വരുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവോ പിഴയോ ലഭിക്കാം. സീരിയൽ കില്ലറെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കേന്ദ്രീകരിച്ച് പരിശോധിച്ചു വരികയാണ്.

പ്രതിയെക്കുറിച്ച് വിവരം നൽകി അറസ്റ്റിനും ശിക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്നവർക്കാണ് പെറ്റ ഇന്ത്യ 50,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരങ്ങൾ info@petaindia.org എന്ന ഇമെയിലിൽ അറിയിക്കാം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർ പിന്നീട് മനുഷ്യർക്കും ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും കേസിൽ വേഗത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സീനിയർ പോലീസ് ഇൻസ്പെക്ടർ ദത്താത്രയ പാട്ടീലിന്റെ നടപടി പ്രശംസനീയമാണെന്നും പെറ്റ ഇന്ത്യയുടെ ക്രൂവൽറ്റി റെസ്‌പോൺസ് ഓഫീസർ ഇഷാനി റാത്തി വ്യക്തമാക്കി.

You may also like