വർഗീയ പരാമർശങ്ങൾ പ്രചരിപ്പിച്ചു; ലാൽബാഗ്-പരേൽ സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്ക് വെച്ച രണ്ട് പേർക്കെതിരെ കേസ്

by WhatsUp Mumbai

മുംബൈ: ലാൽബാഗ്-പരേൽ മേഖലയിലുണ്ടായ തർക്കത്തെയും സംഘർഷത്തെയും തുടർന്ന് സോഷ്യൽ മീഡിയയിൽ വിദ്വേഷമുണ്ടാക്കുന്നതും പ്രകോപനപരവുമായ വീഡിയോകൾ പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. പ്രദേശത്ത് സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ സംഭവങ്ങളുടെ പ്രകോപനപരമായ വീഡിയോകളും വർഗീയമായ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സൈബർ വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തി ക്രമസമാധാന നില തകർക്കാൻ ശ്രമിച്ച രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വ്യാജ സന്ദേശങ്ങളും പ്രകോപനപരമായ വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രകോപനപരമായ ദൃശ്യങ്ങൾ പങ്കുവെക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You may also like