ജാതിഭേദം ഇല്ലാതാക്കാൻ ഗുരു വഹിച്ച പങ്ക് ചരിത്രപരം: എ.ഡി.ജി.പി. അശ്വതി ദോർജി

by WhatsUp Mumbai

മുംബയ്: ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂരിലെ എഡ്യൂക്കേഷൻ കോംപ്ളക്സിൽ നടന്ന ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് ജയന്തി ആഘോഷത്തിൽ മുംബയിലും പ്രാന്തപ്രദേശങ്ങളിലുമായുള്ള സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തരും അഭ്യുദയകാംഷികളും പങ്കെടുത്തു. രാവിലെ 8.30ന് ഗുരുപൂജയോടെ ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് നടന്ന സമൂഹപ്രാർത്ഥനയിൽ നിരവധി പേർ പങ്കെടുത്തു.

​പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അശ്വതി ദോർജി, ഐ.പി.എസ്. മുഖ്യാതിഥിയായി. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നായി ആയിരക്കണക്കിന് അംഗങ്ങൾ സകുടുംബം ജയന്തി ആഘോഷ സമ്മേളനത്തിൽ പങ്കെടുത്തു.

തുടർന്ന് ഓണസദ്യയും ഉച്ചയ്ക്ക് 2 മുതൽ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാപ്രതിഭകളുടെ കലാവിരുന്നും അരങ്ങേറി. ഗുരുജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാമത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. മന്ദിരസമിതി ബാലവേദി നെരൂൾ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച ഗുരുകൃപാലയം എന്ന ലഘു നാടകം ഏറെ ശ്രദ്ധേയമായി.

ശ്രീനാരായണ ഗുരു മുന്നോട്ടു വച്ച ദർശനം കാലഭേദമില്ലാതെ ലോകമാകെ ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്നും കാലത്തിനു മുന്നേ സഞ്ചരിച്ച മഹാമനീഷിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദേവ ജയന്തി ലോകമുള്ളിടത്തോളം കാലം ആഘോഷിക്കപ്പെടുമെന്നും ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു. വിദ്യകൊണ്ട് സ്വതന്ത്രരാവാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുമുള്ള ഗുരുവിൻ്റെ ആഹ്വാനം നടപ്പിൽ വരുത്തുവാനും ശ്രമിക്കുന്ന ശ്രീ നാരായണ മന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ലോകമാകെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും സ്വാമി ഋതംഭരാനന്ദ തുടർന്നു പറഞ്ഞു.

ജാതിഭേദം ഇല്ലാതാക്കുന്നതിലും സാർവത്രിക വിദ്യാഭ്യാസം എന്ന ആശയം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ശ്രീനാരായണ ഗുരു വഹിച്ച പങ്കു വളരെ വലുതും ചരിത്രവുമാണെന്നും മഹാരാഷ്ട്ര പോലീസ് എ.ഡി ജി.പി. അശ്വതി ദോർജി അഭിപ്രായപ്പെട്ടു. ജയന്തിയാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ജാതിമതാന്ധത കൊടികുത്തിവാണിരുന്ന കാലത്ത് വിഭിന്ന ജാതി വിചാരങ്ങളാൽ ഒറ്റപ്പെട്ടു കിടന്ന ജന സമൂഹത്തെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാമന്ത്രം കൊണ്ട് ചേർത്ത് നിർത്തിയത് ഗുരുദേവനാണ്. വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിൻ്റെ കവാടമാണ് എന്ന് നമ്മെ ഉപദേശിച്ച ഗുരു വായനയിലൂടെയും പഠനത്തിലൂടെയും മാത്രമേ മാനസിക വളർച്ച കൈവരിക്കാൻ കഴിയൂ എന്നും നമ്മെ പഠിപ്പിച്ചു… അവർ തുടർന്നു പറഞ്ഞു.

ഗുരുധർമ പ്രചരണമാണ് ശ്രീനാരായണ മന്ദിര സമിതിയുടെ പ്രധാന ലക്ഷ്യമെന്നും അതിൻ്റെ ഭാഗമായാണ് സമിതി വിദ്യാഭ്യാസ- സാമൂഹിക പ്രവർത്തന രംഗത്ത് നിതാന്ത ജാഗ്രത പുലർത്തുന്നതെന്നും സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ പറഞ്ഞു. സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എം.ഐ. ദാമോദരൻ. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈ. ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവരും പ്രസംഗിച്ചു.

You may also like