മുംബൈ:തുടർച്ചയായ മഴയെത്തുടർന്ന് മുംബൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലെയും ജലനിരപ്പ് 95.95 ശതമാനത്തിലെത്തി.
ബിഎംസിയുടെ ഹൈഡ്രോളിക് എൻജിനീയർ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 6 മണിവരെ 13,88,423 ദശലക്ഷം ലിറ്റർ (ML) ജലശേഖരമാണ് ഈ തടാകങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്. ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരവാസികളെ അലട്ടിയിരുന്ന കുടിവെള്ളക്ഷാമത്തിന് വലിയ രീതിയിൽ ആശ്വാസമായിരിക്കുകയാണ്.
നഗരത്തിലെ ഏഴ് തടാകങ്ങളുടെയും ആകെ സംഭരണശേഷി 14,47,363 ദശലക്ഷം ലിറ്ററാണ്. നിലവിൽ വെഹാർ തടാകം 100 ശതമാനവും മോദക് സാഗർ 99.99 ശതമാനവും നിറഞ്ഞ നിലയിലാണ്. കൂടാതെ താൻസ 98.33 ശതമാനം, മധ്യ വൈതർണ 98.08 ശതമാനം, തുൾസി 97.92 ശതമാനം, ഭട്സ 95.91 ശതമാനം, അപ്പർ വൈതർണ 89.76 ശതമാനം എന്നിങ്ങനെയാണ് മറ്റ് തടാകങ്ങളിലെ നിലവിലുള്ള ജലനിരപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ തടാക പ്രദേശങ്ങളിൽ മികച്ച മഴയും ലഭിച്ചു. മോദക് സാഗറിൽ 13 മില്ലിമീറ്ററും തുൾസിയിൽ 6 മില്ലിമീറ്ററും അപ്പർ വൈതർണയിൽ 5 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. മധ്യ വൈതർണയിൽ 3 മില്ലിമീറ്ററും താൻസ, ഭട്സ എന്നിവിടങ്ങളിൽ 2 മില്ലിമീറ്റർ വീതവും മഴ ലഭിച്ചപ്പോൾ വെഹാറിൽ മഴയൊന്നും രേഖപ്പെടുത്തിയില്ല. മുൻപ് ജൂലൈ 7-ന് വെഹാർ, തുൾസി തടാകങ്ങളും, ജൂലൈ 22-ന് താൻസയും, ജൂലൈ 23-ന് മോദക് സാഗറും കരകവിഞ്ഞൊഴുകിയിരുന്നു.