വാഷി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മലയാളിയെന്ന് സംശയിക്കുന്ന യുവതി; ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

by WhatsUp Mumbai

നവി മുംബൈ: വാഷി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി മലയാളിയെന്ന് സംശയിക്കുന്ന ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി കറങ്ങിനടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ സ്റ്റേഷൻ വളപ്പിലും പ്ലാറ്റ്‌ഫോമുകളിലുമായാണ് കഴിയുന്നത്.

നവി മുംബൈയിലെ സാമൂഹ്യപ്രവർത്തകനായ എസ്. കുമാർ ആണ് ഇവർ മലയാളിയാണെന്ന സംശയം പ്രകടിപ്പിച്ചത്. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എസ്. കുമാർ വ്യക്തമാക്കി.

എസ്. കുമാറിന്റെ നിരീക്ഷണപ്രകാരം ഇവർ നിലവിൽ സ്റ്റേഷൻ പരിസരത്ത് തന്നെയാണ് താമസിക്കുന്നത്. ഇംഗ്ലീഷ്, മറാഠി ഭാഷകൾ വളരെ വ്യക്തമായി സംസാരിക്കുന്ന ഇവർക്ക് മലയാളവും അറിയാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ബന്ധുക്കളെക്കുറിച്ച് അറിയാവുന്നവരോ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ എസ്. കുമാർ അഭ്യർത്ഥിച്ചു.

You may also like