മുംബൈ: മലയാളത്തിന്റെ പ്രിയ ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മ പരസ്യ ചിത്രത്തിന് വേണ്ടി ഗാനമാലപിക്കാൻ മുംബൈയിലെത്തി. പ്രമുഖ സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇത്തവണ നഞ്ചിയമ്മയുടെ ശബ്ദം പകരുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
സംഗീത ലോകത്തെ ഈ അപൂർവ്വ കൂടിക്കാഴ്ച ഇരുവർക്കും വലിയ സന്തോഷത്തിനും ആനന്ദത്തിനും വഴിയൊരുക്കി. മലയാളത്തിൽ സിനിമകളിലും കവിതകളിലും സജീവ സാന്നിധ്യമായ പ്രമുഖ വ്യക്തിത്വമാണ് ഈ ഗാനത്തിന് വരികൾ തയാറാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മുംബൈ നഗരജീവിതത്തെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നുവെന്ന് നഞ്ചിയമ്മ പറഞ്ഞു. മുംബൈയിലെ ആളുകളിൽ നിന്ന് വലിയ സ്നേഹവും സഹകരണവുമാണ് തനിക്ക് ലഭിച്ചത്. കേരളത്തിന് പുറത്ത് പൊതുവേ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ കാണാറുണ്ടെങ്കിലും, മുംബൈയിൽ എത്തുമ്പോൾ ആ കരുതലവും കൂടെനിൽപ്പും കുറച്ചുകൂടി കൂടുതലായി അനുഭവപ്പെടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപ് ‘പാട്ടോളം’ എന്ന പരിപാടിക്കായി നഗരത്തിൽ എത്തിയ ഓർമ്മകളും പങ്കുവെച്ച നഞ്ചിയമ്മ, മുംബൈയിലെ മുഴുവൻ ആളുകൾക്കും നന്മകൾ നിറഞ്ഞ മനോഹരമായ ഓണാശംസകളും നേർന്നു. അട്ടപ്പാടിയിലെ ഫോറസ്റ്റ് ഓഫീസറും കലാകാരനുമായ പഴനി സ്വാമിക്കൊപ്പമാണ് നഞ്ചിയമ്മ മുംബൈയിലെത്തിയത്