മുംബൈ: കേരള കാത്തലിക് അസോസിയേഷൻ (KCA) ഭയന്ദർ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം ഇത്തവണയും നടത്തി. ഓഗസ്റ്റ് 23 ഞായറാഴ്ച നടന്ന വിതരണത്തിൽ മീരാ-ഭയന്ദർ പ്രദേശത്ത് വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്.
ഓണത്തിന്റെ സന്തോഷം അർഹരായ കുടുംബങ്ങളിലേക്കും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി സ്നേഹത്തിന്റെയും കരുതലിന്റെയും കൂട്ടായ്മയായി മാറി.
സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ അവസരമൊരുക്കിയ പ്രവർത്തനത്തിന് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പിന്തുണയും ലഭിച്ചു.
KCA ഭയന്ദർ യൂണിറ്റ് പ്രസിഡന്റ് ലിജോ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണത്തിന് ചാരിറ്റി ചെയർമാൻ ജേക്കബ് സേവ്യർ, സെക്രട്ടറി ചാൾസ് ജോൺ, ട്രഷറർ ജൈമോൻ ഔസേപ്പ്, കെ. സി. എ മുംബൈ കേന്ദ്ര നിർവാഹക സമിതി വൈസ് പ്രസിഡന്റ് സണ്ണി മാത്യു, കേന്ദ്ര നിർവാഹക സമിതി അംഗം സിബി ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഓണത്തിന്റെ സന്ദേശമായ സ്നേഹവും സാഹോദര്യവും പങ്കുവെച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനത്തിൽ സഹകരിച്ചത് KCA ഭയന്ദർ യൂണിറ്റിലെ അംഗങ്ങൾ ആണെന്നും, KCA ഭയന്ദർ യുണിറ്റ് പ്രദേശത്ത് എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന അന്ന ദാനം അടക്കം നിരവധി സാമൂഹിക സേവന രംഗത്ത് വർഷങ്ങളായി സജീവമാണെന്നും ഭാരവാഹികൾ അറിയിച്ചു.