നവിമുംബൈ :തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലും ഓണത്തിന്റെ ആഹ്ലാദവും അന്തരീക്ഷവും ഉണർത്തി ‘ഖാർഘർ ഓണം 2026’ ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പത്താമത് ഗൃഹാങ്കണ പൂക്കള മത്സരവും പായസ പാചക മത്സരവും ഞായറാഴ്ച നടന്നു.
മത്സരത്തിൽ 12 കുടുംബങ്ങളാണ് പൂക്കളമൊരുക്കിയും ഓണപ്പായസം തയ്യാറാക്കിയും പങ്കെടുത്തത്. രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ സമാജം മാവേലിയും ഭരണസമിതി അംഗങ്ങളും വിധികർത്താക്കളും വീടുകൾ സന്ദർശിച്ചു. പൂക്കളങ്ങൾ വിലയിരുത്തുകയും ഓണപ്പായസം രുചിച്ചു നോക്കുകയും ചെയ്ത സംഘം മത്സരാർത്ഥികൾക്ക് ഓണസമ്മാനങ്ങളും കൈമാറി. മഹാബലിയുടെ എഴുന്നള്ളത്ത് കുടുംബങ്ങളിൽ വലിയ ആവേശവും സന്തോഷവുമാണ് സൃഷ്ടിച്ചത്.
ഖാർഘർ ഓണം 2026’ന്റെ പ്രധാന ആഘോഷ പരിപാടികൾ സെപ്റ്റംബർ 6 ഞായറാഴ്ച നടക്കും. സെക്ടർ 5-ലെ ലേവ പഠിഥർ ഹാളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
നാട്ടിൽ നിന്നും എത്തുന്ന ‘ആലപ്പി ഫോക്ക് ഇന്ത്യ നാട്യ മഞ്ചിന്റെ’ മുപ്പതിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഖാർഘർ ഓണം 2026 കേമമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് സമാജവും ഖാർഘറിലെ മലയാളികളും. കൂടുതൽ വിവരങ്ങൾക്ക്: 9167384155