നാടും വീടും വിട്ട് മുംബൈ മഹാനഗരത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയപ്പോഴും, മലയാളി നെഞ്ചേറ്റിയ പൊന്നോണത്തിന്റെ തനിമയ്ക്ക് തെല്ലും മങ്ങലേറ്റിട്ടില്ല. ഗ്രാമീണതയുടെ കുളിർമയും പാരമ്പര്യത്തിന്റെ ഗൃഹാതുരത്വവും വാനോളം ഉയർത്തി മുംബൈയിലും നവി മുംബൈയിലും താനെയിലുമെല്ലാം പ്രവാസി മലയാളി മണ്ണൊരുക്കുമ്പോൾ, അവിടങ്ങളിലെ ആഘോഷങ്ങൾക്ക് രാജകീയ പ്രഭ നൽകുന്നത് പ്രജകളുടെ പ്രിയപ്പെട്ട മാവേലി തമ്പുരാക്കന്മാരാണ്.

നാടകങ്ങളിലും സിനിമകളിലുമൊക്കെ അഭിനയിച്ച് തങ്ങളുടെ അഭിനയമികവ് തെളിയിച്ച പ്രഗത്ഭരായ കലാകാരന്മാർ മുതൽ, യാദൃച്ഛികമായി രാജവേഷമണിഞ്ഞ് ജനഹൃദയങ്ങൾ കീഴടക്കിയവർ വരെ ഈ മാവേലിനിരയിലുണ്ട്. കട്ടക്കട്ടൻ ശരീരവുമായി മാവേലി സങ്കൽപ്പങ്ങളെ തിരുത്തിയെഴുതിയവരും, ഒറിജിനൽ മീശയുടെ ലാളിത്യം കൊണ്ട് മനംകവർന്നവരും, അന്യസംസ്ഥാനക്കാരുടെ മുന്നിൽ മലയാളിത്തത്തിന്റെ പ്രൗഢി വിളിച്ചോതിയവരുമെല്ലാം മുംബൈക്കാരുടെ സ്വന്തം ഈ മാവേലികളിൽ പെടുന്നു.

മണിക്കൂറുകളോളം നീളുന്ന വേഷഭൂഷാദികളുടെ ഭാരവും ക്ഷീണവും മറന്ന്, പ്രജകളുടെ മുഖത്തെ ഓരോ പുഞ്ചിരിക്കും കൊച്ചുകൂട്ടുകാരുടെ സെൽഫി മോഹങ്ങൾക്കും മുന്നിൽ സ്നേഹത്തോടെ നിന്നുകൊടുക്കുന്ന ഈ ‘മഹാനഗര മാവേലിമാർക്ക്’ പറയാൻ ഓരോ ഓണക്കാലവും മനോഹരമായ അനുഭവങ്ങളുടെ കഥകളാണ്. മുംബൈ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകുന്ന അഞ്ച് മാവേലിമാരുടെ വേറിട്ട ഓർമ്മകളിലേക്കും അനുഭവങ്ങളിലേക്കും…

കഴിഞ്ഞ കുറേ വർഷങ്ങളായി മുംബൈയിലെ പ്രവാസി മലയാളി ആഘോഷങ്ങളിൽ പ്രജകളുടെ പ്രിയപ്പെട്ട മഹാബലിയായി മാറുമ്പോൾ അതിരറ്റ അഭിമാനമാണ് മനസ്സിൽ നിറയുന്നതെന്ന് സീവുഡ്‌സ് നിവാസിയായ ജിമ്മിച്ചൻ പറയുന്നു. മലയാളിയുടെ പൊന്നോണം ഇത്രയും നാടൻ തനിമയോടെ പ്രവാസ മണ്ണിൽ ആഘോഷിക്കപ്പെടുന്നത് വളരെ കൗതുകത്തോടെയുമാണ് ഇതര സംസ്ഥാനക്കാർ നോക്കിക്കാണുന്നത്. അവർക്ക് ഇതൊരു പുതിയതും മനോഹരവുമായ ആഘോഷാനുഭവമായി മാറുന്നു.

ആഘോഷവേദികളിൽ മാവേലി തമ്പുരാനൊപ്പം സെൽഫിയെടുക്കാൻ കൊച്ചുകൂട്ടുകാർ കാണിക്കുന്ന അക്ഷമയും ആവേശവും കാണുമ്പോൾ വേഷത്തിന്റെ ബുദ്ധിമുട്ടുകളൊക്കെ നിമിഷനേരം കൊണ്ട് മാഞ്ഞുപോകുമെന്ന് അദ്ദേഹം പങ്കുവെക്കുന്നു. ഏതൊരു മലയാളിയെയും പോലെ താനും ആ നിമിഷങ്ങളിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാറുണ്ട്.
വീണ്ടും വീണ്ടും മാവേലിയാകാൻ തനിക്ക് പ്രചോദനമേകുന്നത് ഒരു മലയാളി എന്ന ഭാവവും, ഓരോ ആഘോഷങ്ങൾ കഴിയുമ്പോഴും ആളുകളിൽ നിന്ന് ലഭിക്കുന്ന വലിയ പ്രോത്സാഹനവുമാണെന്നും ജിമ്മിച്ചൻ കൂട്ടിച്ചേർക്കുന്നു.

കേരളീയ സങ്കൽപ്പത്തിൽ തിരുവോണനാളിലെ ഓണാഘോഷം എന്നത് പ്രജകളുടെ ക്ഷേമവും സുഖസൗകര്യങ്ങളും നേരിട്ടറിഞ്ഞ് ആശ്വസിക്കാൻ മഹാബലി തമ്പുരാൻ തൻ്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്ന പുണ്യമുഹൂർത്തമാണ്. കേവലമൊരു വേഷപ്പകർച്ചയ്ക്കപ്പുറം അസുരചക്രവർത്തിയും വീരയോദ്ധാവുമായ മാവേലിയുടെ ആ ഗാംഭീര്യവും പ്രൗഢിയും പൂർണ്ണമായി ഉൾക്കൊണ്ടാണ് മുംബൈയിലെ പ്രശസ്ത നാടക-ചലച്ചിത്ര നടനായ ബാലാജി വർഷങ്ങളായി ഓണവേദികളിൽ മാവേലിയായെത്തുന്നത്.
മുംബൈയിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അദ്ദേഹം, മാവേലിവേഷത്തെ ഒരു കോമാളിരൂപമായി അവതരിപ്പിക്കുന്നതിനോട് തെല്ലും യോജിക്കുന്നില്ല. “മഹാബലി ഒരു ചക്രവർത്തിയാണ്, പ്രജകളെ കാണാനെത്തുന്ന മഹാരാജാവാണ്. ആ പദവിയുടെ പ്രൗഢിയും എടുപ്പും ആ വേഷത്തിനുണ്ടാവണം. അതിന്റേതായ എല്ലാ പ്രാധാന്യത്തോടെയുമാണ് ഞാൻ മാവേലിയെ അവതരിപ്പിച്ചിട്ടുള്ളത്. ഒരിക്കലും അതിനെ ലഘൂകരിച്ച് ഒരു കോമാളിവേഷമാക്കാൻ ഞാൻ തുനിഞ്ഞിട്ടില്ല,” ബാലാജി തന്റെ ഓർമ്മകൾ പങ്കുവെക്കുന്നു.
നാടകവേദികളിലെ ദീർഘകാലത്തെ പരിചയസമ്പത്തും സിനിമകളിൽ കുറിച്ചുവച്ച മികച്ച പ്രകടനങ്ങളും സമന്വയിപ്പിച്ച് അദ്ദേഹം അരങ്ങിലെത്തിച്ച മഹാബലി മുംബൈ മലയാളി സമൂഹത്തിൻ്റെ മനംകവർന്ന ഒന്നായിരുന്നു. ഇന്ന് വിശ്രമജീവിത നയിക്കുമ്പോഴും അന്ന് മാവേലിയായി പകർന്നാടിയപ്പോൾ പകർന്നു കിട്ടിയ ആ സംതൃപ്തിയും ആത്മാഭിമാനവും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മുംബൈയിലെ ഓണാഘോഷങ്ങൾക്ക് തനതായ ഗാംഭീര്യം പകർന്ന ആ രാജകീയ സാന്നിധ്യം നഗര മലയാളിക്ക് ഇന്നും മറക്കാനാവാത്ത ഓണാനുഭവമാണ്.
ഒരു തമാശയിൽ തുടങ്ങി ഒടുവിൽ ജനങ്ങളുടെ മനസ്സ് കീഴടക്കിയ വ്യത്യസ്തനായ ഒരു മാവേലിയുടെ അനുഭവകഥയാണ് നവി മുംബൈയിലെ പ്രദീപിന്റേത്. അമിത മേക്കപ്പും പൊങ്ങച്ചങ്ങളുമില്ലാതെ, സ്വന്തം ഒറിജിനൽ മീശ പിരിച്ചുവെച്ച് വേദിയിലെത്തിയ പ്രദീപിന്റെ മാവേലിവേഷം എട്ടല്ല, പത്തുമാറ്റോടെയാണ് മുംബൈ മലയാളികൾ നെഞ്ചിലേറ്റിയത്.
വർഷങ്ങൾക്ക് മുൻപ് ഒരു ചതയദിനത്തിൽ നെരൂൾ യൂണിറ്റ് ഭാരവാഹികളായ ബാബുരാജും മഞ്ജു പ്രേംകുമാറും ആഘോഷത്തിന് മാവേലിയെ തിരയുമ്പോൾ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് പ്രദീപ്: “എന്നാൽ ഞാൻ ആകാം മാവേലി!” പക്ഷേ, കൂട്ടുകാർ ആ തമാശ ഗൗരവമായെടുത്തു. പിന്നീട് കാര്യങ്ങൾ വേഗത്തിലായിരുന്നു. മുകുന്ദൻ എന്ന സുഹൃത്തിന്റെ നേതൃത്വത്തിൽ മേക്കപ്പ് തുടങ്ങി. കാതിൽ കമ്മലും കിരീടവും ഷൂവിൽ അടിച്ച ഗോൾഡ് പെയിന്റും സ്വന്തം മീശയും ചേർന്നപ്പോൾ ലാളിത്യമുള്ള ഒരു കിടിലൻ മാവേലി തയ്യാർ! ഗുരുദേവഗിരിയിലെ വേദിയിലേക്ക് ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പ്രദീപ് ഇറങ്ങിയപ്പോൾ വെറുമൊരു വേഷക്കാരനായല്ല, തങ്ങളുടെ പ്രിയപ്പെട്ട രാജാവായിട്ടാണ് ആളുകൾ ആ ‘മേക്കപ്പില്ലാത്ത മാവേലി’യെ സ്വീകരിച്ചത്.
പിന്നീട് സീവുഡ്സ് സമാജത്തിന്റെ ഗ്രാൻഡ് സെൻട്രൽ മാളിലെ കൂറ്റൻ ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചു. അന്ന് ഡബിൾ ഡ്യൂട്ടിയായിരുന്നു. രാവിലെ 7 മണിക്ക് മേക്കപ്പ് ഇട്ട് പൂക്കളമിട്ട വീടുകളിൽ കയറിയിറങ്ങി, ഉച്ചയ്ക്ക് മേക്കപ്പ് അഴിക്കാതെ വിശ്രമിച്ച് വൈകിട്ട് വീണ്ടും മാളിലേക്ക്. രാത്രി 9 മണി വരെ ആയിരക്കണക്കിന് ആളുകൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത്, തുടർച്ചയായി 14 മണിക്കൂർ ഒരേ വേഷത്തിൽ നിന്ന അപൂർവ്വ റെക്കോർഡും അന്ന് പ്രദീപ് സ്വന്തമാക്കി.
മാവേലി ഹിറ്റായതോടെ എപിഎംസി ഹോൾസെയിൽ മാർക്കറ്റിൽ “മാവേലി സ്റ്റോർ” എന്ന പേരിൽ ഒരു പച്ചക്കറിക്കടയും പ്രദീപ് തുടങ്ങി. പക്ഷേ, വേദിയിലെ മാവേലിയെപ്പോലെ കച്ചവടത്തിലെ ‘മാവേലി സ്റ്റോർ’ ഹിറ്റായില്ല എന്നത് കൗതുകമുള്ള മറ്റൊരു ഓർമ്മ.
അങ്ങനെ 5 വർഷത്തോളം നവി മുംബൈയിലെ ആഘോഷങ്ങളിൽ നിറഞ്ഞാടിയ ശേഷം ആ രാജവേഷം അഴിച്ചുവെച്ചെങ്കിലും, കൃത്രിമത്വമില്ലാത്ത ആ ഒറിജിനൽ മീശയും പ്രജകൾ നൽകിയ സ്നേഹവായ്പും ഇന്നും പ്രദീപിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു!
മലയാളിയുടെ പരമ്പരാഗത മാവേലി സങ്കൽപ്പം എപ്പോഴും വയറൊക്കെയുരുണ്ട് സൗമ്യനായ ഒരു രാജാവാണ്. എന്നാൽ ആ സങ്കൽപ്പങ്ങളെയെല്ലാം മാറ്റിവെച്ച്, 6’2″ പൊക്കവും അത്‌ലറ്റിക് ശരീരവുമുള്ള ഒരു ‘വെൽ ബിൽറ്റ് മാവേലി’യായി മുംബൈക്കാരുടെ മനംകവരുകയാണ് ജെയ്സൺ തോമസ്.
2022-ൽ ഒരു സൊസൈറ്റിയുടെ ഓണാഘോഷത്തിന് മാവേലിയാകാൻ ആളില്ലാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒരു ചലഞ്ചായി ഏറ്റെടുത്തതാണ് ഈ വേഷം. സാധാരണ മാവേലി സങ്കൽപ്പങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത താൻ എങ്ങനെ മഹാബലിയാകുമെന്ന സംശയത്തോടെയാണ് നവി മുംബൈ സീവുഡ്‌സ് എൽ ആൻഡ് ടി സൊസൈറ്റിയിൽ ആദ്യമായി ഇറങ്ങിയത്. എന്നാൽ ഈ ‘ഫിറ്റ് മാവേലി’യെ രണ്ടു കൈയും നീട്ടിയാണ് പ്രജകൾ സ്വീകരിച്ചത്. ആ ആവേശത്തിൽ കഴിഞ്ഞ നാല് വർഷമായി മുംബൈയിലെ വിവിധ വേദികളിൽ ജെയ്സൺ തന്നെയാണ് സ്ഥിരം മാവേലി!
ഭാരമേറിയ വേഷഭൂഷാദികൾ അണിഞ്ഞ് മണിക്കൂറുകളോളം നിൽക്കുന്നതും നൂറുകണക്കിന് ആളുകൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും ബുദ്ധിമുട്ടാണെങ്കിലും, പ്രജകളുടെ മുഖത്തെ ചിരി കാണുമ്പോൾ ആ ക്ഷീണമൊക്കെ മാഞ്ഞുപോകുമെന്ന് ജെയ്സൺ പറയുന്നു. അല്ലെങ്കിലും പ്രജകളുടെ സന്തോഷത്തിന് നിന്നു കൊടുക്കാത്ത മാവേലി ഒരിക്കലും ഒരു നല്ല മാവേലി ആവില്ലല്ലോ!
നാടകപ്രവർത്തകനായ പവിത്രൻ നായർ മറ്റുള്ളവരെ മാവേലിയായി അണിയിച്ചൊരുക്കാറുണ്ടെങ്കിലും, സ്വയമൊരു മഹാബലിയാകുമെന്ന് ചിന്തിച്ചിരുന്നില്ല. 2011-ൽ ഓഎൻജിസി (ONGC) ഓണാഘോഷത്തിനിടയിൽ സുഹൃത്ത് ശ്രീകാന്ത് നായരുടെ നിർബന്ധത്തിന് വഴങ്ങി വേഷമിട്ടതോടെയാണ് തുടക്കം.
ആ ആദ്യ പ്രകടനം ഏവരുടെയും മനംകവർന്നതോടെ, തുടർവർഷങ്ങളിലും അദ്ദേഹം തന്നെ സ്ഥിരം മാവേലിയായി; പ്രജകൾ സ്നേഹത്തോടെ ‘ഓഎൻജിസി ആസ്ഥാന മാവേലി’ എന്ന് വിളിക്കുകയും ചെയ്തു. പിന്നീട് വേഷമഴിച്ചുവെച്ച് മറ്റുള്ളവരെ ഒരുക്കാൻ തുടങ്ങിയെങ്കിലും, ജനപ്രിയനായ പവിത്രൻ നായർക്ക് പ്രജകളുടെ നിർബന്ധത്താൽ വീണ്ടും രാജവേഷമണിയേണ്ടി വന്നു.
മറ്റുള്ളവർക്ക് മാവേലിവേഷം ഒരുക്കി നൽകുന്നതിലും താൻ തന്നെ മഹാബലിയായി ഇറങ്ങുന്നതിലും ഒരുപോലെ സന്തോഷം കണ്ടെത്തുന്ന പവിത്രൻ നായർ, പ്രവാസി മനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.