മുംബൈ: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയം കൈവരിക്കാനും മികച്ച ആശയവിനിമയത്തിനും വൈകാരിക ബുദ്ധി (Emotional Intelligence) വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര ബീഡ് ഡിസ്ട്രിക്ട് ജില്ലാ പരിഷത്ത് സി.ഇ.ഒ. ജിതിൻ റഹ്മാൻ IAS പ്രസ്താവിച്ചു. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മറാത്തവാഡാ സോൺ 2026 ഓഗസ്റ്റിൽ സംഘടിപ്പിച്ച സെമിനാർ പരമ്പരയിൽ ‘വൈകാരിക ബുദ്ധിയുടെ പങ്കും പ്രയോഗവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെക്കുറിച്ചുള്ള മുൻവിധികൾ മാറ്റിവെച്ച് ശരിയായ തിരിച്ചറിവോടെ മുന്നേറാൻ സാധിക്കണം. വികാരങ്ങൾക്ക് അടിമപ്പെടാതെ സമചിത്തതയോടെയും മാനസിക-വൈകാരിക സന്തുലിതാവസ്ഥയോടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ഓരോരുത്തരും സ്വയം പ്രാപ്തരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ പ്രിയ സിസ് സ്വാഗതവും ചിത്ര വിപിൻ പൊതുവാൾ വിഷയാവതരണവും നിർവ്വഹിച്ചു. ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് നായർ, സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. അശോകൻ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അനു ബി നായർ, കബീർ അഹമ്മദ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രാജീവ് പണിക്കർ, മറാത്തവാഡ സോൺ ചെയർമാൻ ജോയ് പൈനാടത്ത്, കൺവീനർ റഹമത്ത് മൊയ്തീൻ, വനിതാവേദി ചെയർപേഴ്സൺ വിനീത പിള്ള എന്നിവരും മറ്റു സംസ്ഥാന-സോണൽ ഭാരവാഹികളും മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള വനിതാവേദി പ്രതിനിധികളും സജീവമായി പങ്കെടുത്തു.
പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മുഖ്യപ്രഭാഷകൻ മറുപടി നൽകിയ ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രിയ എൻ. നായർ നന്ദി രേഖപ്പെടുത്തി.