നാസിക്: വിദ്യാഭ്യാസം, സാമൂഹിക സേവനം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് മുൻഗണന നൽകി ഫെയ്മ മഹാരാഷ്ട്ര നാസിക് മേഖലയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഓഗസ്റ്റ് 15-ന് രാവിലെ 10 മണിക്ക് എൻഎംസിഎ–അക്ഷര എജ്യൂക്കേഷണൽ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ, അഞ്ച് അർഹരായ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് ₹10,000 വീതം ആകെ ₹50,000 രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു.
ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫെയ്മ മഹാരാഷ്ട്ര ട്രഷറർ ഉണ്ണി വി. ജോർജ് ദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫെയ്മ മഹാരാഷ്ട്ര നാസിക് മേഖലാ കൺവീനർ ജി.കെ. ശശികുമാർ സ്വാഗതവും എം.ആർ.പി.എ. കൺവീനർ കെ.പി.എസ്. നായർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി ചെയർപേഴ്സൺ വിനീത പിള്ള നന്ദി രേഖപ്പെടുത്തി. എൻഎംസിഎ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ എന്നിവർ ചേർന്നാണ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കൈമാറിയത്.
NMCA വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, ജോയിന്റ് സെക്രട്ടറിമാരായ കെ.ജി. രാധാകൃഷ്ണൻ, സദാശിവൻ, വിനോജി ചെറിയാൻ, വിനോദ് പിള്ള, രാജേഷ് കുറുപ്പ്, ജയകുമാർ നായർ, ശശിധരൻ നായർ, സതീഷ് നായർ എന്നിവർ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
വിദ്യാഭ്യാസ സഹായം വിദ്യാർത്ഥിയുടെയും സമൂഹത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്ന നിക്ഷേപമാണെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ ഫെയ്മ മുന്നോട്ടുവെച്ചത്. സാമ്പത്തിക പരിമിതികൾ മൂലം വിദ്യാഭ്യാസം തടസ്സപ്പെടരുതെന്ന ബോധ്യത്തോടെ അർഹരായ കുട്ടികൾക്കുള്ള സഹായങ്ങൾ തുടർന്നും നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.