26/11 മുംബൈ ഭീകരാക്രമണം: ഹാഫിസ് സഈദും ലഖ്‌വിയുമടക്കം 6 പാക് ഭീകരർക്കെതിരെ രാജ്യത്താദ്യമായി ‘അസാന്നിധ്യ വിചാരണ’ നടപടി

by WhatsUp Mumbai

മുംബൈ: 2008-ൽ 166 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണ കേസിൽ നാടുകടത്തപ്പെടുകയോ പിടികൂടുകയോ ചെയ്യാത്ത ആറ് പാകിസ്താൻ ഭീകരർക്കെതിരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്നതിനുള്ള നടപടികൾ (Trial in Absentia) ആരംഭിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS), 2023 പ്രാബല്യത്തിൽ വന്നതിനു ശേഷം ഒരു ഭീകരാക്രമണ കേസിൽ ഇത്തരമൊരു നിയമനടപടി സ്വീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. ക്രിമിനൽ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിഎൻഎസ്എസ് വകുപ്പ് 356 പ്രകാരമാണ് നടപടി.

ലഷ്‌കറെ തൊയ്ബ സ്ഥാപകനും ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദ്, സാക്കി ഉർ റഹ്മാൻ ലഖ്‌വി, സാജിദ് മീർ, അബു അൽഖമ, അസിം എന്ന അബു ഖഹാഫ, മേജർ അബ്ദുർ റഹ്മാൻ പാഷ എന്നീ 6 പ്രതികൾക്കെതിരെയാണ് പ്രഖ്യാപന നോട്ടീസ് (Proclamation) പുറപ്പെടുവിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജി എസ്.ആർ. നവാന്ദറാണ് നോട്ടീസ് നൽകിയത്. അടിയന്തരമായി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ ദേവേൻ ഭാരതി, പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിന് കത്ത് നൽകിയതിനെ തുടർന്നാണ് പ്രത്യേക കോടതിയിൽ ഹർജി നൽകിയത്.

പ്രതികൾ ഓഗസ്റ്റ് 18-നകം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് പ്രഖ്യാപന നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. കേസിൽ നിർണായക തെളിവുകൾ കൈവശമുണ്ടെന്നും, പിടികിട്ടാപ്പുള്ളിയായ അജ്മൽ കസബ് ചോദ്യം ചെയ്യലിൽ ഇവരുടെ പങ്ക് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ പ്രതികൾക്കെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) മുഖേന പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

ഹാഫിസ് സഈദ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്തപ്പോൾ, ലഖ്‌വി, അബു ഖഹാഫ, അബു അൽഖമ എന്നിവർ കറാച്ചിയിലെ മലീറിലുള്ള കൺട്രോൾ റൂമിലിരുന്ന് ഭീകരർക്ക് നിർദ്ദേശങ്ങൾ നൽകുകയും പരിശീലനത്തിന് മേൽനോട്ടം വഹിക്കുകയുമായിരുന്നു. ഭീകരർക്ക് ഹിന്ദിയും പ്രാദേശിക ഭാഷയും പഠിപ്പിച്ചു നൽകിയ ഇന്ത്യൻ സ്വദേശിയായ സയ്യദ് സാബിയുദ്ദീൻ എന്ന അബു ജുൻഡാലും ഈ സമയത്ത് കൺട്രോൾ റൂമിലുണ്ടായിരുന്നു. കൺട്രോൾ റൂമിലിരുന്ന് ടിവിയിലൂടെ ആക്രമണം വീക്ഷിച്ച പ്രതികൾ ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും വിവരമുണ്ട്.

You may also like