രാഹുൽ ഗാന്ധിക്കെതിരായ കേസ്: ഗവേഷകന്റെ ഇടപെടൽ ഹർജി തള്ളി പൂനെ കോടതി

by WhatsUp Mumbai

​പൂനെ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വി. ഡി. സാവർക്കറുടെ കൊച്ചുമകന്റെ മകൻ സത്യകി സാവർക്കർ നൽകിയ അപകീർത്തിക്കേസിൽ ഇടപെടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകനായ പങ്കജ് കെ. ഫഡ്‌നിസ് നൽകിയ ഹർജി പൂനെ കോടതി തള്ളി. കേസിൽ ഇടപെടാൻ ഹർജിക്കാരന് നിയമപരമായ അവകാശമില്ലെന്ന് (locus standi) ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) അമോൽ ശ്രീറാം ഷിൻഡെ വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

​വി. ഡി. സാവർക്കറെക്കുറിച്ച് 25 വർഷത്തിലധികം ഗവേഷണം നടത്തിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ തന്റെ പക്കലുള്ള ചരിത്രരേഖകൾ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നും കാട്ടിയാണ് ഫഡ്‌നിസ് അഡ്വ. വിനോദ് സത്പുതെ മുഖേന ഇടപെടൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഒരു സ്വകാര്യ ക്രിമിനൽ അപകീർത്തിക്കേസിൽ മൂന്നാമതൊരാൾക്ക് ഇടപെടാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് സത്യകി സാവർക്കറുടെ അഭിഭാഷകൻ സംഗ്രാം കൊത്താൽക്കറും, വിചാരണയുടെ വ്യാപ്തി മാറ്റാൻ മൂന്നാം കക്ഷിക്ക് അനുമതി നൽകരുതെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാറും ശക്തമായി വാദിച്ചു.

പങ്കജ് ഫഡ്‌നിസ് സാവർക്കറുടെ കുടുംബാംഗമോ അടുത്ത ബന്ധുവോ അല്ലെന്നും, ക്രിമിനൽ നടപടിക്രമങ്ങളിലെ സെക്ഷൻ 199 പ്രകാരം ഇരയെന്ന അവകാശവാദം ഉന്നയിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ സാഹചര്യത്തിൽ 20,000 രൂപ പൂനെ ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനും നിർദ്ദേശിച്ചു.

You may also like